സന്തോഷം കുറഞ്ഞോ?  വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ടില്‍ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കാനഡ 

By: 600002 On: Mar 21, 2024, 10:40 AM

 

 

വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ടില്‍ കാനഡ 15 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം 13 ആം സ്ഥാനത്തായിരുന്ന കാനഡ ഈ വര്‍ഷം കോസ്റ്റാറിക്ക, കുവൈറ്റ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നിലാണ്. കാനഡയ്‌ക്കൊപ്പം അമേരിക്കയും പട്ടികയില്‍ പിന്നിലേക്ക് പോയി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 30 വയസ്സിന് താഴെയുള്ളവര്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സന്തോഷം കുറഞ്ഞവരാണെന്നതാണ് കാനഡ പട്ടികയില്‍ പിന്തള്ളപ്പെടാനുണ്ടായ കാരണമെന്ന് കണ്ടെത്തിയതായി കനേഡിയന്‍ ഇക്കണോമിസ്റ്റും വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് ഫൗണ്ടിംഗ് എഡിറ്ററുമായ ജോണ്‍ ഹെല്ലിവെല്‍ മാധ്യമങ്ങളോട് പറഞ്ഞു. ജീവിത സംതൃപ്തി, പ്രതിശീര്‍ഷ ജിഡിപി, സാമൂഹിക പിന്തുണ, ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതിയെക്കുറിച്ചുള്ള ധാരണകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്. 140 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് രാജ്യങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത്. 

ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളിലെയും പ്രത്യേകിച്ച് സോഷ്യല്‍മീഡിയയിലെയും നെഗറ്റീവ് വാര്‍ത്തകളാണ് കാനഡയുടെ പിന്തള്ളപ്പെടലിന് കാരണമെന്ന് ഹെല്ലിവല്‍ വിശദീകരിച്ചു. 

അതേസമയം, തുടര്‍ച്ചയായ ഏഴാം കൊല്ലവും ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിന്‍ലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. ഡെന്‍മാര്‍ക്ക്, എസ്‌ലന്‍ഡ്, സ്വീഡന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. പട്ടികയില്‍ ഇന്ത്യ 126 ആം സ്ഥാനത്താണ്.