സ്പ്രിംഗ് സീസണ്‍ ആദ്യ ആഴ്ചയില്‍ കാനഡയുടെ ചില ഭാഗങ്ങളില്‍ 35 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

By: 600002 On: Mar 21, 2024, 10:01 AM

 


ഔദ്യോഗികമായി സ്പ്രിംഗ് സീസണ്‍ ആരംഭിച്ചെങ്കിലും കാനഡയിലെ ചില ഭാഗങ്ങളില്‍ താപനില കുറയുകയും ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാവുകയും ചെയ്യുന്നുണ്ട്. സ്പ്രിംഗ് സീസണ്‍ ആഗതമായാലും വിന്റര്‍ സീസണിന് സമാനമായ കാലാവസ്ഥ ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ചിലയിടങ്ങളില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 35 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. ബാരി, ഓറിലിയ, ടോര്‍ബര്‍മോറി, ഹാലിബര്‍ട്ടണ്‍, ഗുഡ്‌റിച്ച്, സ്ട്രാറ്റ്‌ഫോര്‍ഡ്, ലണ്ടന്‍, ബ്രേസ്ബ്രിഡ്ജ്, ഹണ്ട്‌സ്‌വില്ലെ, പാരി സൗണ്ട് തുടങ്ങിയ സതേണ്‍ ഒന്റാരിയോയുടെ മിക്ക നഗരങ്ങളിലും പ്രദേശങ്ങളിലും ഇതിനകം സ്‌നോഫാള്‍ വാണിംഗും വാച്ചും എണ്‍വയോണ്‍മെന്റ് കാനഡ പുറപ്പെടുവിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ചയും വാരാന്ത്യത്തിലും കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല. ടൊറന്റോ, ഓട്ടവ, മോണ്‍ട്രിയല്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കും അറ്റ്‌ലാന്റിക് കാനഡയില്‍ മഴയും മഞ്ഞും കലര്‍ന്ന കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 

കാല്‍ഗറി, ഡ്രംഹെല്ലര്‍, മെഡിസിന്‍ ഹാറ്റ്, റെഡ് ഡീര്‍, ബാന്‍ഫ്, ജാസ്പര്‍ നാഷണല്‍ പാര്‍ക്ക് എന്നിവയുള്‍പ്പെടെ സതേണ്‍, സെന്‍ട്രല്‍ ആല്‍ബെര്‍ട്ട എന്നിവടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. മിക്ക പ്രദേശങ്ങളിലും 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച ലഭിക്കുമെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ ചില സ്ഥലങ്ങളില്‍ 30 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. കനത്ത മഞ്ഞുവീഴ്ച പ്രവചിക്കുന്നതിനാല്‍ എണ്‍വയോണ്‍മെന്റ് കാനഡ നിരവധിയിടങ്ങളില്‍ സ്‌നോഫാള്‍ വാണിംഗ് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്.