തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന് കണ്ണീരോടെ വിട ചൊല്ലി നാട്. വീട്ടിലെയും കോളജിലെയും പൊതുദർശനത്തിന് ശേഷം അനന്തുവിന്‍റെ മൃതദേഹം മുട്ടത്തറയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. ഡോക്ടറായി അനന്തുവിനെ കാണാൻ കൊതിച്ച നാട്ടിലേക്കുള്ള അനന്തുവിന്‍റെ ഒടുവിലത്തെ മടക്ക യാത്രയിൽ ഒരു നാട് മുഴുവൻ കണ്ണീരണിഞ്ഞു. മകന്‍റെ വേർപാടിൽ ഹൃദയം പൊട്ടിയുള്ള അമ്മയുടെ കരച്ചിൽ ഒരു നാടിനെ കണ്ണീരിലാഴ്ത്തി. നെഞ്ച് പൊട്ടി കരയുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാനും നാട്ടുകാര്‍ക്കായില്ല. ഒരു നാട് മുഴുവൻ അനന്തുവിന് അവസാന യാത്രാമൊഴി ചൊല്ലാനെത്തി. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മുത്തച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് അനന്തു കോളേജിലേക്ക് യാത്ര തിരിച്ചത്.