രേഖകളെല്ലാം കയ്യിലുണ്ടോ,രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കും

By: 600007 On: Mar 20, 2024, 5:43 AM

 

ദില്ലി: രാജ്യത്ത് വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വ്യാജ രേഖകൾ വഴി രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ എടുത്തു എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പക്കലുള്ള കണക്ക്. ഇവയുടെ പരിശോധന നടത്താൻ കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദേശം നല്‍കി. രേഖകൾ കൃത്യമല്ലാത്തവ റദ്ദാക്കുമെന്നാണ് ടെലികോം മന്ത്രാലയം അറിയിക്കുന്നത്.

ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വോഡാഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ക്കാണ് ടെലികോം മന്ത്രാലയം നിർദേശം നൽകിയത്. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകാനും രേഖകൾ അടിയന്തിരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കാനുമാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം. വ്യാജ രേഖകൾ ഉപയോഗിച്ച് വ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ കൂടിയ സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി.