കഴിഞ്ഞ വര്‍ഷം നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും അന്തരീക്ഷ മലിനീകരണമുണ്ടായ രാജ്യം കാനഡ: റിപ്പോര്‍ട്ട് 

By: 600002 On: Mar 20, 2024, 11:50 AM

 


കഴിഞ്ഞ വര്‍ഷം നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും അന്തരീക്ഷ മലിനീകരണമുണ്ടായ രാജ്യം കാനഡയാണെന്ന് റിപ്പോര്‍ട്ട്. സ്വിസ് എയര്‍ ടെക്‌നോളജി കമ്പനിയായ IQAir  പ്രസിദ്ധീകരിച്ച 2023 ലെ ആന്വല്‍ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 134 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 30,000 ത്തിലധികം എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്‌റ്റേഷനുകളില്‍ നിന്നുള്ള ഡാറ്റ പരിശോധിച്ചതിന് ശേഷമാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് വടക്കേ അമേരിക്കയിലെ ഏറ്റവും മലിനമായ രാജ്യമായി കാനഡ മാറിയത്. മലിനീകരണത്തില്‍ ആഗോളതലത്തില്‍ 93 ആം സ്ഥാനത്താണ് കാനഡ. കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളമുണ്ടായ കാട്ടുതീ മൂലമാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായത്. 

വടക്കേ അമേരിക്കയിലെ ഏറ്റവും മലിനമായ നാലാമത്തെ നഗരം  ആല്‍ബെര്‍ട്ടയിലെ ഗ്രിംഷോയാണ്. ഫോര്‍ട്ട് മക്കേ, ഫോര്‍ട്ട് മക്മുറെ, പീസ് റിവര്‍, ഫോര്‍ട്ട് വെര്‍മില്യണ്‍, ടിംബര്‍ലിയ, യെല്ലോനൈഫ് എന്നിവയാണ് ഏറ്റവും കൂടുതല്‍ മലിനീകരണം റിപ്പോര്‍ട്ട് ചെയ്ത കനേഡിയന്‍ പ്രദേശങ്ങള്‍. 

2023 ന് മുമ്പ് രേഖപ്പെടുത്തിയ ഡാറ്റ കാനഡയുടെ ഫൈന്‍ പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ(PM2.5) അളവ് കവിഞ്ഞതായി കാണിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ(WHO) വാര്‍ഷിക PM2.5 ഗൈഡ്‌ലൈന്‍ ഒന്നോ രണ്ടോ തവണ കവിഞ്ഞു. എന്നാല്‍ 2023 ല്‍ ലെവലുകള്‍ രണ്ടോ മൂന്നോ തവണ വര്‍ധിച്ചു. 

നിലവില്‍ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ IQAir ലൈവ് റാങ്കിംഗില്‍ ടോറന്റോ(105), വാന്‍കുവര്‍(106), മോണ്‍ട്രിയല്‍(116) എന്നീ മൂന്ന് കനേഡിയന്‍ നഗരങ്ങള്‍ മാത്രമാണുള്ളത്.