രൂക്ഷമായ വരള്‍ച്ചയ്ക്ക് സാധ്യത: മെയ് മാസത്തില്‍ കാല്‍ഗറിയില്‍ ജല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും  

By: 600002 On: Mar 20, 2024, 10:30 AM

 

 

വരാനിരിക്കുന്ന മാസങ്ങളില്‍ വരള്‍ച്ച രൂക്ഷമാകുന്ന ആശങ്കയ്ക്കിടയില്‍ മെയ് മാസത്തില്‍ തന്നെ ജല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയാറെടുക്കുകയാണ് കാല്‍ഗറി സിറ്റി. ചൊവ്വാഴ്ചത്തെ ഡ്രോട്ട് പ്രിപ്പേര്‍ഡ്‌നെസ് പ്ലാനില്‍ കാല്‍ഗറിയിലെ ഓരോ താമസക്കാരനും ജലം സംരക്ഷിക്കേണ്ടതുണ്ടെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് പറഞ്ഞു. വരള്‍ച്ചയില്‍ കഴിയുന്ന ആളുകളെ ബോധവത്കരിക്കുക എന്നതാണ് തങ്ങളുടെ ആദ്യപടിയെന്ന് ഗോണ്ടെക് ചൂണ്ടിക്കാട്ടി. 

നിയന്ത്രണങ്ങളോ മറ്റ് നടപടികളോ നടപ്പിലാക്കാന്‍ തുടങ്ങുന്നതിന് മുമ്പ് കാല്‍ഗറിയിലെ ആളുകള്‍ ജലം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കാല്‍ഗറിയില്‍ വരള്‍ച്ച അനുഭവപ്പെടുന്നുണ്ട്. ശരാശരിയേക്കാള്‍ ഉയര്‍ന്ന അപകടസാധ്യത വരും മാസങ്ങളില്‍ നിലനില്‍ക്കുമെന്ന് സിറ്റി പറഞ്ഞു. മെയ് മാസത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ കാര്‍ കഴുകല്‍, പുല്‍ത്തകിടിയും പുന്തോട്ടവും നനയ്ക്കല്‍ തുടങ്ങിയ മാത്രമേ ഔട്ട്‌ഡോര്‍ വാട്ടര്‍ യൂസേജ് കവര്‍ ചെയ്യുകയുള്ളൂ. 

അതേസമയം, കാല്‍ഗറി സിറ്റിയുമായി ചേര്‍ന്ന് ഗോള്‍ഡന്‍ ഏക്കര്‍, കാല്‍ഗറി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി, ഗ്രീന്‍ കാല്‍ഗറി എന്നീ സംഘടനകള്‍ മാര്‍ച്ച് 23 ന് ജലസംരക്ഷണ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.