സാല്‍മൊണല്ല അണുബാധ: കാനഡയില്‍ പാമ്പുകളുമായും എലികളുമായും സമ്പര്‍ക്കം പുലര്‍ത്തിയവരിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം 

By: 600002 On: Mar 20, 2024, 9:55 AM



 

കാനഡയില്‍ എട്ടോളം പ്രവിശ്യകളില്‍ സാല്‍മൊണല്ല ബാധയേറ്റുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാല്‍മൊണല്ല അണുബാധ പാമ്പുകളുമായും അവയ്ക്ക് ഭക്ഷണത്തിനായി നല്‍കുന്ന എലികളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. മാര്‍ച്ച് 19 വരെ വിവിധ പ്രവിശ്യകളില്‍ സാല്‍മൊണല്ല 1, സാല്‍മൊണല്ല ടൈഫിമുറിയം എന്നിവയുടെ 70 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

രോഗബാധിതരായ പലരും അസുഖങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് പാമ്പുകളുമായോ എലികളുമായോ നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ പാമ്പുകളുമായി സമ്പര്‍ക്കമുള്ളവരുമായി ഒരേ വീട്ടില്‍ ഇടപഴകിയവരും രോഗബാധിതരായി. 

പാമ്പുകള്‍, എലികള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി മൃഗങ്ങളില്‍ സാല്‍മൊണല്ല അണുബാധ കാണപ്പെടുമെന്നതാണ് ഈ കേസുകള്‍ ഓര്‍മ്മപ്പെടുത്തുന്നതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഏജന്‍സി അറിയിച്ചു. 

പാമ്പുകളുമായും എലികളുമായും അവയുടെ ചുറ്റുപാടുകളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ കൈ വൃത്തിയായി കഴുകുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണമെന്ന് പിഎച്ച്എസി നിര്‍ദ്ദേശിച്ചു.