കാല്‍ഗറി എയര്‍പോര്‍ട്ടില്‍ പുതിയ എമര്‍ജന്‍സി ഫീല്‍ഡ് ഹോസ്പിറ്റല്‍ ആരംഭിച്ചു

By: 600002 On: Mar 20, 2024, 9:26 AM

 

സംഘര്‍ഷങ്ങളും പ്രകൃതിദുരന്തങ്ങളും ലോകമെമ്പാടും നിരന്തരം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ കാല്‍ഗറി അടിയന്തര സഹായത്തിനായി പുതിയൊരു പദ്ധതി ഒരുക്കിയിരിക്കുകയാണ്. അടിയന്തര ആശുപത്രി പരിചരണം ലഭിക്കുന്നതിനായി മാനുഷിക സഹായ സംഘടനയായ സമരിറ്റന്‍ പഴ്‌സ് YYC എയര്‍പോര്‍ട്ടില്‍ പുതിയ എമര്‍ജന്‍സി ഫീല്‍ഡ് ഹോസ്പിറ്റല്‍ ആരംഭിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ നിര്‍ണായക സഹായം നല്‍കുക എന്നതാണ് ഹോസ്പിറ്റലിന്റെ ലക്ഷ്യം. ടെന്റ് സൗകര്യത്തോടെയുള്ള ആശുപത്രി ഇത്തരത്തില്‍ കാനഡയില്‍ ആദ്യത്തേതാണ്. കൂടാതെ, ഒരു എമര്‍ജന്‍സി റൂം, ലബോറട്ടറി, ശസ്ത്രക്രിയാ സൗകര്യങ്ങള്‍, അന്തര്‍ദേശീയ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്‍പേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് പരിചരണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടെ കസ്റ്റമൈസബിള്‍ യൂണിറ്റുകളും ആശുപത്രിയില്‍ ഉണ്ടായിരിക്കും. 

എമര്‍ജന്‍സി ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ മുമ്പ് നിരവധി തവണ പ്രവര്‍ത്തിച്ചിരുന്നു, എന്നാല്‍ ഈ പുതിയ സംവിധാനം ആദ്യമായി കാനഡയില്‍ നിന്നും ഉപകരണങ്ങള്‍ വിന്യസിക്കുകയാണെന്ന് സംഘടനാ വക്താവ് ഫ്രാങ്ക് കിംഗ് പറഞ്ഞു. 

ഈ എമര്‍ജന്‍സി ആശുപത്രി സംവിധാനത്തില്‍ പൂര്‍ണമായും കനേഡിയന്‍ പൗരന്മാരെയാണ് പ്രവര്‍ത്തിക്കാന്‍ പരിഗണിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഹ്രസ്വകാല വിന്യാസങ്ങള്‍ക്കായി സ്വയം മുന്നോട്ട് വരാന്‍ തയാറുള്ള ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് മെഡിക്കല്‍ ഉദ്യോഗസ്ഥരെയും സംഘടന തിരയുകയാണ്.