ബീസിയില്‍ യുവാക്കളെ ഗുണ്ടാസംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തടയാന്‍ മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് മുന്‍ ഡിറ്റക്ടീവ് 

By: 600002 On: Mar 19, 2024, 11:22 AM 

ബ്രിട്ടീഷ് കൊളംബിയയില്‍ ഗുണ്ടാസംഘങ്ങളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവതരമായി കാണണമെന്നും സംഭവം ഗുരുതര സ്വഭാവമുള്ളതാണെന്നും മുന്നറിയിപ്പ് നല്‍കി മുന്‍ ഡിറ്റക്ടീവ് ഡഗ് സ്‌പെന്‍സര്‍. ഇത്തരത്തില്‍ ചെറുപ്പക്കാരെ ആക്രമണത്തിനും വെടിവയ്പ്പുകള്‍ക്കും ഉപയോഗിക്കാനായി ഗുണ്ടാ സംഘങ്ങള്‍ റിക്രൂട്ട് ചെയ്യുന്നത് തടയാന്‍ പ്രവിശ്യയില്‍ കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് സ്‌പെന്‍സര്‍ നിര്‍ദ്ദേശിച്ചു. വൈറ്റ് റോക്കിലെ റെസിഡന്‍ഷ്യല്‍ സ്ട്രീറ്റില്‍ നടന്ന വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വെടിവയ്പ്പില്‍ പ്രതികളായവരെ പോലീസ് ഇതുവരെ തിരിച്ചറിയുകയോ വിശദാംശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല. എന്നാല്‍ വെടിവയ്പ്പില്‍ യുവാക്കള്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് താന്‍ വിശ്വസിക്കുന്നതായി സ്‌പെന്‍സര്‍ പറഞ്ഞു. 

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ തോക്ക് ഉപയോഗിച്ചോ, മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ചോ പരിശീലനം ലഭിക്കാത്തവരോ, പരിചയമില്ലാത്തവരോ ആണ് വെടിയുതിര്‍ക്കുന്നതെന്ന് മനസ്സിലാകും. അതിനാല്‍ ഇവര്‍ ഗുണ്ടാസംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ചെറുപ്പക്കാരാണെന്ന് കരുതുന്നതായി സ്‌പെന്‍സര്‍ കൂട്ടിച്ചേര്‍ത്തു. ഭയന്നുകൊണ്ടാണ് പ്രതികള്‍ വെടിയുതിര്‍ക്കുന്നതെന്നതും ഈ ചിന്തയെ ഊട്ടിഉറപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

പ്രവിശ്യയിലുടനീളമുള്ള സ്‌കൂളുകളില്‍ ഗുണ്ടാസംഘങ്ങളില്‍ ചേരുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുകയാണ് സ്‌പെന്‍സര്‍ ഇപ്പോള്‍. ചെറുപ്പക്കാര്‍ പരിചിതമായ രീതിയില്‍ സംഘങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായി തോന്നുവെന്ന് സ്‌പെന്‍സര്‍ പറയുന്നു. ഇവര്‍ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെടുന്നു. യുവാക്കളുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ തടയേണ്ടത് അത്യാവശ്യമാണെന്നും കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും സ്‌പെന്‍സര്‍ അഭിപ്രായപ്പെട്ടു.