എഡ്മന്റണ്‍ എല്‍ആര്‍ടി സ്‌റ്റേഷനില്‍ 64 കാരനെ ആറംഗ സംഘം ആക്രമിച്ച് കവര്‍ച്ചയ്ക്കിരയാക്കി 

By: 600002 On: Mar 19, 2024, 9:49 AM

 

 


എഡ്മന്റണ്‍ എല്‍ആര്‍ടി സ്‌റ്റേഷനില്‍ 64കാരനെ ആറംഗ സംഘം ആക്രമിച്ച് കവര്‍ച്ച ചെയ്തു. ഫെബ്രുവരി 24 നാണ് സംഭവം. ചര്‍ച്ചില്‍ സ്റ്റേഷനില്‍ പുലര്‍ച്ചെ 5.30 ഓടെ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴാണ് വൃദ്ധന്‍ ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലൊരാള്‍ ആദ്യം വൃദ്ധനോട് സംസാരിക്കുകയും ഉടന്‍ ക്രൂരമായി ആക്രമിച്ച് നിലത്തിടിക്കുകയുമായിരുന്നു. മറ്റ് അഞ്ച് പേര്‍ കൂടി വന്ന് വൃദ്ധന്റെ പക്കലുള്ള സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. 

ആക്രമികളിലൊരാളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ട്രാവിസ് ഡാമിയന്‍ ഹൗള്‍ (35) എന്ന പ്രതിക്കായി ഇപിഎസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആക്രമണകാരികളെ കണ്ടെത്താന്‍ ഇപിഎസ് പൊതുജനങ്ങളെ സഹായം അഭ്യര്‍ത്ഥിച്ചു. ഇതിനിടയില്‍ ട്രാന്‍സിറ്റിലെ പൊതുസുരക്ഷ സംബന്ധിച്ച് ട്രാന്‍സിറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ത്രൈമാസ റിപ്പോര്‍ട്ട് കൗണ്‍സിലില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ട്രാന്‍സിറ്റിലെ കുറ്റകൃത്യങ്ങള്‍ 11 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.