ടൊറന്റോയില്‍ ഈ വര്‍ഷം ആരംഭിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കാര്‍ മോഷണം കുത്തനെ വര്‍ധിച്ചതായി ടൊറന്റോ പോലീസ് മേധാവി മൈറോണ്‍ ഡെംകിവ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ നടന്ന കാര്‍ജാക്കിംഗുകളേക്കാള്‍ ഇരട്ടിയാണ് ഈ വര്‍ഷമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ജനുവരി 1 മുതല്‍ ഇതുവരെ 68 കാര്‍ മോഷണങ്ങള്‍ നടന്നതായി ടൊറന്റോ പോലീസ് സ്ഥിരീകരിച്ചു. 2023 ലെ ഇതേ കാലയളവില്‍ നിന്നും 106 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ മോഷ്ടിക്കല്‍, ആക്രമണം, ഭീഷണിപ്പെടുത്തല്‍ എന്നിവയും നഗരത്തില്‍ വര്‍ധിച്ചതായി ഡെംകിവ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ടൊറന്റോയില്‍ 12,200 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. അതായത് പ്രതിദിനം 34 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും കമ്മ്യൂണിറ്റികള്‍ക്ക് ആശങ്കയുണ്ടെന്നും പോലീസ് കര്‍ശന നടപടിയെടുക്കുന്നത് തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടൊറന്റോ പോലീസ് സര്‍വീസും ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസും ചേര്‍ന്ന് പ്രശ്‌നത്തെ ചെറുക്കുന്നതിനായി പ്രൊവിന്‍ഷ്യല്‍ കാര്‍ജാക്കിംഗ് ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് എന്ന സംഘം രൂപീകരിച്ചിരുന്നു. 2023 സെപ്റ്റംബര്‍ 21 മുതല്‍, യൂണിറ്റ് 121 പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും 730 കുറ്റങ്ങള്‍ ചുമത്തുകയും 157 മോഷ്ടിച്ച വാഹനങ്ങള്‍ കണ്ടെടുക്കുകയും ചെയ്തതായി ടൊറന്റോ പോലീസ് അറിയിച്ചു.