നാവിഗേഷന്‍ സിസ്റ്റം തകരാറിലായി, വിമാനം റദ്ദാക്കി; മെക്‌സിക്കോയില്‍ നിന്നും യാത്ര ചെയ്യാനാകാതെ മൂന്ന് ദിവസം കുടുങ്ങി ഫ്‌ളെയര്‍ യാത്രികര്‍ 

By: 600002 On: Mar 18, 2024, 12:08 PM

 


വ്യാഴാഴ്ച മെക്‌സിക്കോയില്‍ നിന്നും നാട്ടിലേക്ക് പറക്കേണ്ടിയിരുന്ന ഫ്‌ളെയര്‍ എയര്‍ലൈന്‍സ് മൂന്ന് ദിവസം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ കാന്‍കുന്‍ വിമാനത്താവളത്തില്‍ കുടുങ്ങി. മാര്‍ച്ച് 14 നാണ് എയര്‍പോര്‍ട്ടില്‍ നിന്നും കാനഡയിലേക്ക് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ അന്ന് വിമാനം റദ്ദാക്കിയെന്ന വിവരമായിരുന്നു യാത്രക്കാര്‍ക്ക് ലഭിച്ചത്. ഈ കാലതാമസം മൂന്ന് ദിവസം നീണ്ടു. എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസം ഒരുക്കിയിരുന്നു. ഭക്ഷണവും വെള്ളവും നല്‍കി. എന്നാല്‍ യാത്ര മുടങ്ങിയതിന്റെ നിരാശയിലും അമര്‍ഷത്തിലുമായിരുന്നു എല്ലാവരുമെന്ന് യാത്രക്കാരില്‍ ചിലര്‍ പ്രതികരിച്ചു. 

രണ്ടാമത്തെ ദിവസം വിമാനത്തില്‍ കയറിയെങ്കിലും വിമാനം ഡി-പ്ലാന്‍ ചെയ്തു. നാവിഗേഷന്‍ സംവിധാനം തകരാറിലായെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. പിന്നീട് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ മൂന്ന് ദിവസം കഴിഞ്ഞു. 

കുറ്റവാളികളോടെന്ന പോലെയായിരുന്നു എയര്‍ലൈന്‍ അധികൃതരുടെ പെരുമാറ്റമെന്ന് ചില യാത്രികര്‍ പറഞ്ഞു. ഓണ്‍ലൈനില്‍ മറ്റ് വിമാനങ്ങള്‍ തിരഞ്ഞെങ്കിലും ടിക്കറ്റ് നിരക്ക് 1000 ഡോളറിലധികമായിരുന്നു. ഒടുവില്‍ മാര്‍ച്ച് 16 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സാങ്കേതിക തകരാര്‍ പരിഹരിച്ച് യാത്രക്കാരുമായി വിമാനം നാട്ടിലേക്ക് പറന്നു. 

കഷ്ടതകളും ബുദ്ധിമുട്ടുകളും പണ നഷ്ടവും സമയ നഷ്ടവും നേരിട്ട യാത്രക്കാര്‍ നഷ്ടപരിഹാരത്തിനായി നടപടികള്‍ സ്വീകരിക്കുകയാണ്.