ഉടമസ്ഥാവകാശ തട്ടിപ്പില്‍ നിന്നും സുരക്ഷിതരാകാന്‍ കനേഡിയന്‍ ഹോം ഓണേഴ്‌സ്, റിയല്‍റ്റേഴ്‌സ് നടപടികള്‍ സ്വീകരിക്കണം: വിദഗ്ധര്‍ 

By: 600002 On: Mar 18, 2024, 11:35 AM

 

 

കാനഡയില്‍ ടൈറ്റില്‍, മോര്‍ഗേജ് തട്ടിപ്പുകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതില്‍ നിന്നും സുരക്ഷിതരാകാന്‍ വീട്ടുടമസ്ഥരും റിയല്‍റ്റര്‍മാരും നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി വിദഗ്ധര്‍. പ്രോപ്പര്‍ട്ടിയും ഐഡന്റിറ്റിയും തട്ടിപ്പുകാരില്‍ നിന്നും സംരക്ഷിക്കണമെങ്കില്‍ നിയമ നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പ്രോപ്പര്‍ട്ടിയുടെ ഉടമസ്ഥാവകാശമോ ടൈറ്റിലോ വഞ്ചനാപരമായി മാറ്റുക, പ്രോപ്പര്‍ട്ടി നിയമവിരുദ്ധമായി വില്‍ക്കുവാനോ റീഫിനാന്‍സ് ചെയ്യുന്നതിനോ രേഖകള്‍ വ്യാജമായി സൃഷ്ടിക്കപ്പെടുക തുടങ്ങിയവയാണ് ടൈറ്റില്‍ ഫ്രോഡ്. എന്നാല്‍ രാജ്യത്ത് കൂടുതല്‍ സാധാരണമായത് മോര്‍ഗേജ് തട്ടിപ്പാണ്. തട്ടിപ്പുകാര്‍ വായ്പ നല്‍കുന്നയാളില്‍ നിന്നും വ്യാജ രേഖകള്‍ കൈമാറി മോര്‍ഗേജ് നേടുന്നു. വ്യാജ ഐഡി, ജോബ് ലെറ്റര്‍, ക്രെഡിറ്റ് റിപ്പോര്‍ട്ട്, റെഫറന്‍സസ് എന്നിവ കാണിച്ചാണ് വായ്പ തട്ടിയെടുക്കുന്നത്. 

ടൈറ്റില്‍ ഇന്‍ഷുറന്‍സ് കമ്പനിയായ എഫ്‌സിടി കണക്കാക്കുന്നത്, ഓരോ നാല് പ്രവൃത്തി ദിവസങ്ങളിലും കുറഞ്ഞത് ഒരു ടൈറ്റില്‍ അല്ലെങ്കില്‍ മോര്‍ഗേജ് തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ്. പ്രതിഫല തുക വളരെ കൂടുതലായതിനാലാണ് തട്ടിപ്പുകാരുടെ ശ്രദ്ധാകേന്ദ്രമായി റിയല്‍ എസ്‌റ്റേറ്റ് മേഖല മാറാന്‍ കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. രാജ്യത്തെത്തുന്ന പുതിയ ആളുകളെയാണ് മിക്കവാറും തട്ടിപ്പിനിരകളാക്കുന്നത്. പരിചയമില്ലായ്മയും അറിവില്ലായ്മയും മുതലാക്കിയാണ് തട്ടിപ്പുകാര്‍ ആളുകളെ പറ്റിക്കുന്നത്.