വീഡിയോ ഡോര്‍ബെല്ലുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ് 

By: 600002 On: Mar 18, 2024, 10:54 AM

 

 

വീട്ടില്‍ വരുന്നവരും പോകുന്നവരും ആരാണെന്നറിയാനാണ് പ്രധാനമായും വീഡിയോ ഡോര്‍ബെല്ലുകള്‍ സ്ഥാപിക്കുന്നത്. കൂടാതെ എന്തെങ്കിലും പാക്കേജുകള്‍ നഷ്ടമായോന്നറിയാനും ഇതിലൂടെ സാധിക്കുന്നു. സുരക്ഷിതത്വത്തിനായാണ് പലരും വീഡിയോ ഡോര്‍ബെല്ലുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ചില മോഷ്ടാക്കളും തട്ടിപ്പുകാരും ഡോര്‍ബെല്ലുകള്‍ ഹാക്ക് ചെയ്യുകയും ആളുകളെ നിരീക്ഷിക്കുകയും വീഡിയോ സ്ട്രീമിംഗ് ചെയ്യുകയും ചെയ്യുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ് നടത്തിയ അന്വേഷണത്തില്‍ ഒരു വീഡിയോ ഡോര്‍ബെല്ലില്‍ നിന്നുള്ള വീഡിയോ ഏകദേശം 5,000 കിലോമീറ്റര്‍ അകലെ നിന്നും ആക്‌സസ് ചെയ്യാന്‍ അസാധിക്കുമെന്ന് കണ്ടെത്തി. ഇത്തരം ഡോര്‍ബെല്ലുകള്‍ വേഗത്തില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണ് കുറ്റവാളികളെ ഇതിനായി പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മൊബൈല്‍ ആപ്ലിക്കേഷനായ Aiwit  ഉപയോഗിക്കുന്ന നിരവധി വീഡിയോ ഡോര്‍ബെല്ലുകള്‍ക്ക് ഗുരുതരമായ സുരക്ഷാ പിഴവുകളുണ്ടെന്ന് അന്വേഷണത്തില്‍ വെളിപ്പെടുത്തി. ഇത് മൂലം ഉപയോക്താക്കള്‍ സുരക്ഷാ ലംഘനത്തിന് ഇരകളാകുന്നു. 

Aiwit  ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ Eken, Tuck  എന്നീ ബ്രാന്‍ഡുകളുടെ കീഴിലാണ് വില്‍ക്കുന്നത്. എന്നാല്‍ Fishbot, Rakeblue, Andoe, Luckwolf  എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളിലും ഇത് വില്‍ക്കുന്നുണ്ട്. ചൈനീസ് നിര്‍മ്മാതാക്കളില്‍ നിന്നുള്ള വിലകുറഞ്ഞതും സുരക്ഷിതമല്ലാത്തതുമായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രശ്‌നമാണെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു.  അതിനാല്‍ വീഡിയോ ഡോര്‍ബെല്‍ വാങ്ങുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബ്രാന്‍ഡുകളെക്കുറിച്ച് മനസ്സിലാക്കാനും ഗുണമുള്ളവ വാങ്ങിക്കാനും ശ്രദ്ധിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.