ജോലി വെല്ലുവിളികള്‍ നിറഞ്ഞത്, എങ്കിലും പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ തീരുമാനിച്ചതായി ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Mar 18, 2024, 10:16 AM

 

 

പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്നത് ഭ്രാന്ത് പിടിപ്പിക്കുന്ന ജോലിയാണെന്നും എങ്കിലും സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍, പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ താന്‍ താല്‍പ്പര്യപ്പെടുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. വെള്ളിയാഴ്ച റേഡിയോ-കാനഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം ട്രൂഡോ തുറന്നു പറഞ്ഞത്. എല്ലാ ദിവസവും താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള, വെല്ലുവിളി നിറഞ്ഞ ഈ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ടെന്ന് 'മിഡി ഇന്‍ഫോ' എന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. 

ആഭ്യന്തരവും അന്തര്‍ദേശീയവുമായ സങ്കീര്‍ണമായ വെല്ലുവിളികള്‍ ഈ സ്ഥാനത്ത് തുടരാനും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അടുത്ത ഫെഡറല്‍ തെരഞ്ഞെടുപ്പിനെ നേരിടാനും തന്നെ പ്രേരിപ്പിക്കുന്നതായി ട്രൂഡോ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശങ്ങള്‍, എല്‍ജിബിടിക്യു അവകാശങ്ങള്‍, കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം എന്നിവ കാനഡയില്‍ അപകടത്തിലായിക്കൊണ്ടിരിക്കുകയാണെന്ന് ട്രൂഡോ വിശദീകരിച്ചു. കൂടാതെ ജനാധിപത്യരാജ്യങ്ങള്‍ക്കെതിരായ ആഗോള ആക്രമണങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കനേഡിയന്‍ പൗരന്മാര്‍ ഏതുതരം രാജ്യമാണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ അടിസ്ഥാനപരമായ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സേവിക്കാനല്ല, ജനപ്രീതിയാര്‍ജ്ജിക്കാനല്ല, പ്രധാനമന്ത്രി എന്ന നിലയില്‍ തനിക്ക് എന്തെങ്കിലും വാഗ്ദാനം നടപ്പിലാക്കാനുണ്ടെന്ന ഉത്തമമായ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.