വരുന്നൂ ടൈറ്റാനിക് ടു, പഴയ ടൈറ്റാനിക്കിന്റെ ആധുനികരൂപം

By: 600007 On: Mar 17, 2024, 11:19 AM

 

 

ഒരിക്കലും മുങ്ങില്ലെന്ന് പറഞ്ഞ് വന്ന് ആദ്യയാത്രയിൽ തന്നെ മഞ്ഞുമലയിലിടിച്ച് തകർന്ന കപ്പൽ. ടൈറ്റാനിക്കിന്റെ വിധി മറ്റൊന്നായിരുന്നു. ലോകത്തിന് ഇന്നും എന്നും അത്ഭുതമായിരുന്നു ടൈറ്റാനിക്കെന്ന അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പൽ. അതുകൊണ്ടാണല്ലോ അതിന്റെ അവശിഷ്ടങ്ങൾ കാണാൻ പോലും ഇത്രയും റിസ്കെടുത്ത് ആളുകൾ പോകുന്നത്. ലോകത്തിന് ടൈറ്റാനിക്കിലുള്ള കൗതുകം അവസാനിച്ചിട്ടില്ലെന്ന് സാരം. എന്നാലും ടൈറ്റാനിക് പോലെ ഇനി ഒരു കപ്പൽ ഉണ്ടാകുമോ? 

ഉണ്ടാകും എന്നാണ് ഓസ്‌ട്രേലിയൻ ബിസിനസുകാരനായ ക്ലൈവ് പാമർ പറയുന്നത്. പാമറിന് ടൈറ്റാനിക്കിനോട് വളരെ അധികം താല്പര്യമുണ്ട്. അതുകൊണ്ട് തന്നെ ടൈറ്റാനിക്കിനോട് സാമ്യമുള്ള ഒരു ടൈറ്റാനിക് ടു (Titanic II) കപ്പൽ കൊണ്ടുവരും എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദശാബ്ദത്തിലേറെയായി, ശതകോടീശ്വരനും ഖനന വ്യവസായിയുമായ പാമർ രണ്ടാമത്തെ ടൈറ്റാനിക് നിർമ്മിക്കാനുള്ള ആശയത്തിന് പിന്നാലെയാണ്. 69 -കാരനായ അദ്ദേഹം പറയുന്നത്, ഇത് ഇത് ആ പഴയ ടൈറ്റാനിക്കിന്റെ ഒരു ആധുനിക പതിപ്പായിരിക്കും എന്നാണ്.