ഇ-സിം ഉപയോഗിക്കുന്നവരാണോ,നോട്ടമിട്ട് ഹാക്കര്‍മാര്‍

By: 600007 On: Mar 17, 2024, 11:30 AM

 

 

ഇ-സിം പ്രൊഫൈല്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ ഡാറ്റയും പണവും കൈക്കലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സാധാരണ സിം കാര്‍ഡുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന എംബഡഡ് സിമ്മിനെയാണ് ഇ-സിമ്മുകള്‍ എന്ന് പറയുന്നത്. ഐഫോണുകള്‍ ഉള്‍പ്പടെ പല ഫ്ളാഗ്ഷിപ്പ് ഫോണുകളിലും ഇ-സിം സൗകര്യമുണ്ട്. ഇ-സിം ഉപയോഗിച്ചാല്‍ ഫോണില്‍ സാധാരണ സിം കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടതില്ല എന്നതാണ് മെച്ചം. കൂടാതെ ഒരു സിം കാര്‍ഡ് സൗകര്യം മാത്രമുള്ള ഐഫോണില്‍ രണ്ട് കണക്ഷനുകള്‍ വരെ ഉപയോഗിക്കാന്‍ ഇ-സിം സൗകര്യം ഉപയോഗിക്കാം.

ഇ-സിം കണക്ടിവിറ്റി എടുക്കാനായി ഉപഭോക്താവ് ടെലികോം സേവനദാതാക്കളെ നേരിട്ട് ബന്ധപ്പെടേണ്ടതില്ല. കൂടാതെ ദൂരെ നിന്ന് തന്നെ ടെലികോം കമ്പനികള്‍ക്ക് അവ പ്രോഗ്രാം ചെയ്യാനും ഡി ആക്ടിവേറ്റോ, ഡീലിറ്റോ ചെയ്യാനാകും. ആവശ്യമെങ്കില്‍  ഇ-സിം കണക്ഷന്‍ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനും സാധിക്കും. ഈ സാധ്യതകളാണ് ഇ-സിമ്മിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ മുതലെടുക്കുന്നതും.