മലയാളത്തിന്റെ ഒരു സര്‍പ്രൈറ്റ് ഹിറ്റ് ചിത്രമായി മാറിയിരിക്കുന്നതാണ് പ്രേമലു. പ്രേമലുവില്‍ താരതമ്യേന യുവ താരങ്ങളായിട്ടും കളക്ഷനില്‍ ഞെട്ടിക്കുന്ന കാഴ്‍ചയാണ് പ്രേക്ഷകര്‍ കണ്ടത്. ആഗോളതലത്തില്‍ പ്രേമലു ആകെ 109 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴകത്തും പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ ടിക്കറ്റ് വില്‍പനയിലും വൻ മുന്നേറ്റമുണ്ടാക്കുന്നു എന്ന കണക്കുകളും ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിട്ടിട്ടുണ്ട്.
ഇന്നലെ 24 മണിക്കൂറിനുള്ളില്‍ പതിനാലായിരം ടിക്കറ്റുകളാണ് നസ്‍ലിനും മമിതയും പ്രധാന വേഷങ്ങളില്‍ എത്തിയ പ്രേമലുവിന്റെ തമിഴ് പതിപ്പിന്റേതായി ബുക്ക് മൈ ഷോയില്‍ വിറ്റുപോയത്. പ്രേമലു തമിഴ് 0.6 കോടി കളക്ഷനും നേടി. എന്തായാലും തമിഴ് പതിപ്പിനും മികച്ച കളക്ഷൻ നേടാനാകും എന്നാണ് ബോക്സ് ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മലയാളം പതിപ്പ് മാത്രമായി പ്രേമലു 100.6 കോടി രൂപയില്‍ അധികം ആഗോള ബോക്സ് ഓഫീസില്‍ നേടി എന്നാണ് ഒരു റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.