കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതായി അഡ്വക്കേറ്റ്‌സ് മുന്നറിയിപ്പ് നല്‍കുന്നു 

By: 600002 On: Mar 16, 2024, 12:39 PM

 


കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. താമസം, ഭക്ഷണം, പഠനം തുടങ്ങിയ നിരവധി കാര്യങ്ങളിലാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ മാനസികമായി വെല്ലുവിളികള്‍ നേരിടുന്നത്. 2023 ല്‍ 900,000 ത്തിലധികം വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ പഠിക്കാനെത്തിയത്. 10 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടിയിലധികമാണ് വിദ്യാര്‍ത്ഥികളുടെ എണ്ണം. 

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ജീവിത നിലവാരം കാനഡയില്‍ കുറഞ്ഞുവരികയാണ്. സബ്സ്റ്റാന്‍ഡേര്‍ഡ് ഹൗസിംഗ്, ഫുഡ് ബാങ്കുകളെ കൂടുതലായി ആശ്രയിക്കുന്നത് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്നത്. പഠനത്തിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും വാടക കൊടുക്കാന്‍ പണമില്ലാതെ വരുമ്പോഴും അത്യാവശ്യ കാര്യങ്ങള്‍ പോലും നീക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യവും അവതാളത്തിലാകുന്നു. മികച്ച ജോലി കണ്ടെത്താന്‍ സാധിക്കാത്തതും ചിലര്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. എന്നാല്‍ മാനസിക പ്രശ്‌നം അനുഭവപ്പെടുന്നവര്‍ക്ക് എവിടെ നിന്നാണ് സഹായം ലഭിക്കുക എന്നത് തിരിച്ചറിയാന്‍ കഴിയാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു. 

ഇത്തരം വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഖല്‍സ എയ്ഡ് കാനഡ പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതായി കാനഡയില്‍ എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ സാഹയങ്ങളും സംഘടന നല്‍കുന്നുണ്ട്. ഓട്ടവയില്‍ മാത്രം 51 രാജ്യങ്ങളില്‍ നിന്നായി 920 വിദ്യാര്‍ത്ഥികള്‍ സംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.