ഓണ്‍ലൈന്‍ വായ്പയ്ക്കായി തിരയുന്നവര്‍ അഡ്വാന്‍സ്-ഫീ ലോണില്‍ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്

By: 600002 On: Mar 16, 2024, 11:06 AM

 

 

ഓണ്‍ലൈനില്‍ ലോണിനായി തിരയുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബെറ്റര്‍ ബിസിനസ് ബ്യൂറോ. അഡ്വാന്‍സ്-ഫീ ലോണ്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ബെറ്റര്‍ ബിസിനസ് ബ്യൂറോ പറയുന്നു. അടുത്തിടെ ഓണ്‍ലൈന്‍ ലോണിന് അപേക്ഷിച്ച ഒന്റാരിയോ സ്വദേശിക്ക് 9,100 ഡോളര്‍ നഷ്ടമായിരുന്നു. ലിവ്‌റോണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന കമ്പനി വഴിയാണ് ലോണിന് അപേക്ഷിച്ചത്. ഇതൊരു തട്ടിപ്പായിരുന്നു. ലോണിന് അപേക്ഷിച്ചയാള്‍ക്ക് 50,000 ഡോളര്‍ നല്‍കാമെന്ന് അംഗീകരിച്ചു. എന്നാല്‍ കരാറിന്റെ ഭാഗമായി 5,000 ഡോളര്‍ ഈട് നല്‍കേണ്ടി വന്നു. 5,000 ഡോളര്‍ അടച്ച ശേഷവും കറന്‍സി കണ്‍വേര്‍ഷണ്‍, ഇന്‍ഷുറന്‍സ്, പ്രോസസിംഗ് ഫീസ് എന്നിവയ്ക്കായി അധിക ചാര്‍ജുകള്‍ അടയ്ക്കണമെന്ന് പറഞ്ഞു. തുകയൊക്കെ അടച്ചെങ്കിലും ഇയാള്‍ക്ക് വായ്പ ലഭിച്ചില്ല. പിന്നീടാണ് ഇതൊരു തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. കമ്പനിയുടേതെന്ന പേരില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ പ്രവര്‍ച്ചത്തന രഹിതമായിരുന്നു. 

ഇത്തരത്തില്‍ തട്ടിപ്പിനിരയായ ആളുടെ അനുഭവം ഓണ്‍ലൈനില്‍ ലോണ്‍ തിരയുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണെന്ന് ബ്യൂറോ പ്രസിഡന്റ് ഏഞ്ചല ഡെന്നിസ് പറഞ്ഞു. ലോണ്‍ സുരക്ഷിതമാക്കാന്‍ ഒരിക്കലും മുന്‍കൂറായി പണം നല്‍കേണ്ടതില്ലെന്നും ഡെന്നിസ് വ്യക്തമാക്കി. 

കനേഡിയന്‍ ആന്റി ഫ്രോഡ് സെന്റര്‍(CAFC)  പ്രകാരം, കഴിഞ്ഞ വര്‍ഷം അഡ്വാന്‍സ് ഫീ ലോണ്‍ തട്ടിപ്പില്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് കഴിഞ്ഞ വര്‍ഷം 3,494,925 ഡോളര്‍ നഷ്ടപ്പെട്ടു. 2022 ല്‍ 1,898,181 ഡോളറായിരുന്നു നഷ്ടം. തട്ടിപ്പ് ഒഴിവാക്കാന്‍, ലോണ്‍ ഗ്യാരണ്ടി ആണെങ്കില്‍ ക്രെഡിറ്റ് ചെക്ക് ആവശ്യമില്ലെന്നത് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണമെന്ന് സിഎഎഫ്‌സി ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.