ബ്രാംപ്ടണില്‍ ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീടിന് തീപിടിച്ച് മരിച്ച നിലയില്‍ 

By: 600002 On: Mar 16, 2024, 10:15 AM

 

 

ഇന്ത്യന്‍ വംശജരായ ദമ്പതിമാരെയും മകളെയും സംശയാസ്പ്ദമായ സാഹചര്യത്തില്‍ ബ്രാംപ്ടണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ്. മാര്‍ച്ച് ഏഴിന് വീട്ടിലുണ്ടായ തീപിടുത്തത്തില്‍പ്പെട്ടാണ് മൂന്ന് പേരും കൊല്ലപ്പെട്ടതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാജീവ് വാരികൂ(51), ഭാര്യ ശില്‍പ കോത്ത(47), മകള്‍ മെഹക് വാരികൂ(16) എന്നിവരാണ് മരിച്ചതെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. കത്തിനശിച്ച വീട്ടില്‍ തീ അണച്ചതിനു ശേഷം പോലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അപകടത്തില്‍ മരിച്ചവരെ സംബന്ധിച്ച് ആ സമയത്ത് വ്യക്തത ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ചയാണ് മരിച്ചവരാണെന്നത് സ്ഥിരീകരിക്കാന്‍ പോലീസിനായത്. 

തീപിടുത്തത്തെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നതായി പീല്‍ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. തീപിടുത്തം ആകസ്മികമായുണ്ടായതാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഒന്റാരിയോ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്. പീല്‍ പോലീസിന്റെ ഹോമിസൈഡ് ആന്‍ഡ് മിസിംഗ് പേഴ്‌സണ്‍സ് ബ്യൂറോ നേതൃത്വം ഏറ്റെടുത്താണ് അന്വേഷണം നടത്തുന്നത്.