ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്

By: 600007 On: Mar 15, 2024, 12:47 PM

 

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി.

 

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍  രാജീവ് കുമാറിന്‍റെ അധ്യക്ഷതയില്‍ ഒരുക്കങ്ങൾ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും  പങ്കെടുത്തു. തീയതിയില്‍ ധാരണയായതോടെ നാളെ മൂന്ന് മണിക്ക് പ്രഖ്യാപനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.