വാടകക്കാര്‍, വീട്ടുടമസ്ഥര്‍  എന്ന വിഭജനം കാനഡയില്‍ സൃഷ്ടിക്കപ്പെടുന്നു: ആര്‍ബിസി റിപ്പോര്‍ട്ട്  

By: 600002 On: Mar 15, 2024, 11:24 AM

 

സമ്പത്തുള്ളവര്‍, ഇല്ലാത്തവര്‍ എന്ന വിഭജനത്തിന് പിന്നാലെ കാനഡയില്‍ സൃഷ്ടിക്കപ്പെടുന്ന മറ്റൊരു വിഭജനമാണ് വാടകക്കാര്‍, വീട്ടുടമസ്ഥര്‍ എന്നത്. കനേഡിയന്‍ ഭവന വിപണിയിലെ സ്ഥിരമായ അണ്‍അഫോര്‍ഡബിളിറ്റി വാടകക്കാരും വീട്ടുടമസ്ഥരും തമ്മിലുള്ള സമ്പത്തിന്റെ വിഭജനം വര്‍ധിപ്പിക്കുന്നുവെന്ന് റോയല്‍ ബാങ്ക് ഓഫ് കാനഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കനേഡിയന്‍ വാടകക്കാര്‍ വീട്ടുടമകളേക്കാള്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് വീടിന്റെ ഉടമസ്ഥത ഇവര്‍ക്ക് വിദൂര സ്വപ്‌നമാക്കി മാറ്റുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആര്‍ബിസി ഇക്കണോമിസ്റ്റ് കാരി ഫ്രീസ്റ്റോണ്‍ പറയുന്നു. 

2023 മൂന്നാം പാദം വാടകക്കാര്‍ക്കും വീട്ടുടമസ്ഥര്‍ക്കും വഴിത്തിരിവ് അടയാളപ്പെടുത്തി. രണ്ട് ഗ്രൂപ്പുകളും അറ്റ സമ്പത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് വാടകക്കാരെയാണെന്ന് ഫ്രീസ്റ്റോണ്‍ കുറിക്കുന്നു. അവരുടെ സാമ്പത്തിക ആസ്തികളുടെ മൂല്യത്തില്‍ ഇടിവുണ്ടായി. ഈ ഗ്രൂപ്പുകാര്‍ ഡിസ്‌സേവിംഗ് ഗ്രൂപ്പാണ്. സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇവര്‍ ചെലവഴിക്കുന്നുണ്ട്. 

2023 ല്‍ സമ്പാദിച്ചതിനേക്കാള്‍ ഒമ്പത് ശതമാനം കൂടുതല്‍ വാടകക്കാര്‍ ചെലവഴിച്ചുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 

വിഭജനത്തിലേക്ക് നയിക്കുന്നത് ഉയര്‍ന്ന ഭവന ചെലവാണ്. 1990 കളുടെ അവസാനം മുതല്‍ വാടകക്കാരും വീട്ടുടമകളും അവരുടെ ശമ്പള വര്‍ധനവ് ഒരേ വേഗതയില്‍ കണ്ടിട്ടുണ്ടെങ്കിലും ഭവന ചെലവുകള്‍ക്കായി വരുമാനം നല്‍കുന്നവരുടെ അനുപാതം വേഗത്തില്‍ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.