ചോറും ബീഫും ഒന്നിച്ച്കഴിക്കാം; 'ബീഫ് റൈസ്' എന്ന പുത്തന്‍ ആശയവുമായി സൗത്ത് കൊറിയ 

By: 600002 On: Mar 15, 2024, 10:11 AM

 

 


ഭക്ഷ്യരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് സൗത്ത് കൊറിയ. ബീഫ് റൈസ് എന്ന പുത്തന്‍ പരീക്ഷണമാണ് സൗത്ത് കൊറിയയിലെ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. നെല്‍വിത്തുകളില്‍ ബീഫിന്റെ കോശങ്ങള്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണിത്. മൃഗക്കൊഴുപ്പും, പേശികോശങ്ങളുമാണ് നെല്‍ വിത്തുകളില്‍ കുത്തിവെക്കുന്നത്. ഇത്തരത്തില്‍ വളര്‍ത്തുന്ന നെല്‍ച്ചെടികള്‍ വളരാന്‍ വേണ്ടിയുള്ള അന്തരീക്ഷവും ഒരുക്കിയെടുക്കുന്നു. സിയോളിലെ യോണ്‍സെയ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജിന്‍കീ ഹോങും സഹ ഗവേഷകരുമാണ് ബീഫ്‌റൈസിന്റെ ഉല്‍പ്പാദകര്‍. 

നെല്‍വിത്തിന്റെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി എന്‍സൈമുകളും കന്നുകാലി സംബന്ധിയായ കോശങ്ങളും കുത്തിവെക്കും. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ബീഫ് റൈസിനുള്ള അരി തയാറാകും. 

കാണാന്‍ നെല്‍മണി പോലെയിരിക്കുമെങ്കിലും പിങ്ക് നിറത്തിലാണ് ബീഫ് റൈസ്. ഇതിന്റെ പോഷകഗുണമാണെങ്കില്‍ സാധാരണ അരി ഭക്ഷണത്തേക്കാള്‍ എട്ട് ശതമാനം അധിക പ്രോട്ടീന്‍, ഏഴ് ശതമാനം നല്ല കൊഴുപ്പ് അധികവുമാണ്. അമിനോ ആസിഡുകളും ധാരാളം. അരിയുടെ വില കിലോയ്ക്ക് രണ്ട് ഡോളര്‍ മാത്രം. കന്നുകാലി ഫാമുകളില്‍ നിന്നുണ്ടാകുന്ന കാര്‍ബണ്‍ പുറംതള്ളലും വലിയൊരു അളവ് വരെ പരിഹരിക്കാം. എന്നാല്‍ പൂര്‍ണമായും ബീഫിന് പകരമാകില്ല ഈ ബീഫ് റൈസ്. ചിക്കനും ഈല്‍ മത്സ്യവുമൊക്കെ സോയയില്‍ ചേര്‍ത്തുള്ള പരീക്ഷണം സിംഗപ്പൂര്‍ അടക്കം പല രാജ്യങ്ങളിലുണ്ടെങ്കിലും ബീഫ് റൈസ് ഈയിനത്തില്‍ ആദ്യമാണ്.