ടൊറന്റോ വാടക വിപണിയില്‍ സമ്മര്‍ദ്ദമേറുമ്പോള്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു; മുന്നറിയിപ്പ് നല്‍കി അധികൃതര്‍ 

By: 600002 On: Mar 14, 2024, 1:46 PM

 

 

ടൊറന്റോയില്‍ വാടകയ്ക്ക് താമസിക്കാന്‍ വീടുകള്‍ അന്വേഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. പരസ്യങ്ങളില്‍ കാണുന്ന ലിസ്റ്റിംഗുകള്‍ കണ്ട് ഇഷ്ടപ്പെടുന്ന ആളുകളെ വിശ്വസിപ്പിച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. അടുത്തിടെ രണ്ട് പേര്‍ തട്ടിപ്പിനിരയായ സംഭവം ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നല്‍കിയത്. വാടകയ്ക്ക് വീട് വാങ്ങുന്നവര്‍ വീട് നേരിട്ട് കാണുകയോ, ഉടമയുമായി നേരിട്ട് കണ്ട് സംസാരിക്കുകയോ വേണമെന്നും ഇതിന്റെ ആധികാരികത മനസ്സിലാക്കി മാത്രം നടപടി ക്രമങ്ങളിലേക്ക് കടക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ചിലര്‍ വ്യാജ ലിസ്റ്റിംഗുകള്‍ പരസ്യം ചെയ്‌തേക്കാം. കൂടാതെ യഥാര്‍ത്ഥ ഉടമയുമായി ആയിരിക്കില്ല ബന്ധപ്പെടുന്നത്. ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കുന്ന അവര്‍ പണം ചോദിക്കുമ്പോള്‍ ഉടന്‍ നേരിട്ട് കാണാതെ പോലും അയച്ചുകൊടുക്കും. ഇത് വലിയ തട്ടിപ്പാണെന്ന് മനസ്സിലാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. 

തട്ടിപ്പുകള്‍ തടയാനായി റെന്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഭൂവുടമകള്‍ക്ക് വേരിഫിക്കേഷന്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഭൂവുടമ അവരുടെ നിയമസാധുത ഉറപ്പാക്കാന്‍ മുന്‍കൂട്ടി പരിശോധിക്കാന്‍ സമ്മതിക്കുമ്പോള്‍ അവരുടെ ലിസ്റ്റിംഗിന് അടുത്തായി നീല ചെക്ക്മാര്‍ക്ക് ഉണ്ടായിരിക്കും. ഇതില്‍ നിന്നും ഭൂവുടമകളുടെ ആധികാരികത ഉറപ്പാക്കാനും ലിസ്റ്റിംഗുകള്‍ യഥാര്‍ത്ഥമാണെന്ന് തിരിച്ചറിയാനും സാധിക്കും. വാടക വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ആളുകള്‍ നിരാശരാകും. ഈ ആളുകളെ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുകയും ചെയ്യും. ഇത് മുന്നില്‍ക്കണ്ട് വേണം വാടക വീട് അന്വേഷിക്കുവാനെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.