അപേക്ഷകര്‍ക്ക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഒഴിവാക്കി കനേഡിയന്‍ മിലിട്ടറി

By: 600002 On: Mar 14, 2024, 12:31 PM

 


ഡസന്‍ കണക്കിന് ജോലികള്‍ക്കായുള്ള അപേക്ഷാ പ്രക്രിയയില്‍ നിന്ന് മിലിട്ടറി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഒഴിവാക്കി, പ്രീ-എക്‌സിസ്റ്റിംഗ് മെഡിക്കല്‍ കണ്ടീഷനുകളോടെ റിക്രൂട്ട്‌മെന്റ് സ്വീകരിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കനേഡിയന്‍ സായുധസേനയില്‍ പ്രവേശനം നേടുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ സേനയില്‍ നിന്നും കൊഴിഞ്ഞുപോകുന്നത് തുടരുന്നതിനാല്‍, ഇത് ചെറുത്തുനില്‍ക്കാന്‍ സാധ്യമായ പരിഹാര മാര്‍ഗങ്ങള്‍ പരീക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ കമാന്‍ഡര്‍ ക്രിസ്റ്റ ബ്രോഡി പറഞ്ഞു. സിഎഎഫില്‍ നിന്നും സേനാംഗങ്ങളുടെ പിരിഞ്ഞുപോക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പുതുതായി എത്തുന്നവര്‍ സൈന്യത്തില്‍ തുടരാന്‍ താല്‍പ്പര്യം കാണിക്കാറില്ലെന്നത് വളരെ ഗൗരവമായാണ് കാണുന്നതെന്നും ബ്രോഡി പറഞ്ഞു. 

സാമ്പത്തിക വര്‍ഷാവസനത്തോടെ കനേഡിയന്‍ സൈന്യത്തിന് റെഗുലര്‍, റിസര്‍വ് സേനകളില്‍ 15,225 പേര്‍ കുറവായിരിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ ഡിഫന്‍സ്(ഡിഎന്‍ഡി) പ്രവചിക്കുന്നു. റിക്രൂട്ട്‌മെന്റുകളിലെ തകര്‍ച്ച കനേഡിയന്‍ സൈന്യത്തിന്റെ മരണത്തിലേക്ക് നയിക്കുന്നുവെന്ന് പ്രതിരോധമന്ത്രി ബില്‍ ബ്ലെയര്‍ പറഞ്ഞിരുന്നു. 

പുതിയ മാറ്റത്തോടെ, എല്ലാ റിക്രൂട്ട്‌മെന്റുകളും മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് പാലിക്കണം. കൂടാതെ സൈന്യത്തിലേക്ക് ആളുകളെ തടയുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റും ഒഴിവാക്കിയേക്കും. സേനയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന 60 ശതമാനം ആളുകളും അവരുടെ അഭിരുചി പരീക്ഷയ്ക്ക് ബുക്ക് ചെയ്യുന്നതില്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ അതെഴുതാന്‍ ഹാജരാകാതിരിക്കുകയോ ചെയ്യുന്നുവെന്ന് ബ്രോഡി പറയുന്നു. അടുത്ത കാലം വരെ എല്ലാ അപേക്ഷകര്‍ക്കും ടെസ്റ്റ് നിര്‍ബന്ധമായിരുന്നു.