ഉയര്‍ന്ന ചെലവ്: കാല്‍ഗറി ഗ്രീന്‍ ലൈന്‍ എല്‍ആര്‍ടി പ്രോജക്ടില്‍ മാറ്റം വരുത്തുമെന്ന് പ്രോജക്ട് ബോര്‍ഡ് 

By: 600002 On: Mar 14, 2024, 11:00 AM

 

 

കാല്‍ഗറി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്രീന്‍ലൈന്‍ എല്‍ആര്‍ടി പ്രൊജക്ടിനായി നിരവധി ഡിസൈന്‍ സാധ്യതകള്‍ പട്ടികയിലുണ്ട്. എന്നാല്‍ ഉയര്‍ന്ന ചെലവ് കാരണം ഇതില്‍ മാറ്റം വരുത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ചില സബ് കോണ്‍ട്രാക്റ്റര്‍മാര്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന എസ്റ്റിമേറ്റാണ് പദ്ധതിക്കായി സമര്‍പ്പിച്ചിരുന്നത്. പദ്ധതിക്കുവേണ്ടിയുള്ള ബജറ്റ് കോവിഡിന് മുമ്പുള്ളതായിരുന്നുവെന്ന് ഗ്രീന്‍ ലൈന്‍ സിഇഒ ദര്‍ശ്പ്രീത് ഭാട്ടി പറഞ്ഞു. നിലവിലെ മാര്‍ക്കറ്റ് വ്യത്യസ്തമാണ്. മാത്രവുമല്ല, വെല്ലുവിളികള്‍ നേരിടുന്ന ഒരേയൊരു പ്രൊജക്ട് തങ്ങള്‍ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ചൊവ്വാഴ്ച കൗണ്‍സിലില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ സിറ്റി പുറത്തുവിടാന്‍ തയാറായിട്ടില്ല. കൂടുതല്‍ ആവശ്യമെങ്കില്‍ പ്രൊവിന്‍ഷ്യല്‍, ഫെഡറല്‍ പാര്‍ട്ണര്‍മാരുമായി ചര്‍ച്ച ചെയ്യുമെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് പറഞ്ഞു. 

പദ്ധതിക്ക് വേണ്ട യഥാര്‍ത്ഥ ചെലവ് 8.5 ബില്യണ്‍ ഡോളര്‍ മുതല്‍ 10 ബില്യണ്‍ വരെയാണെന്ന് കരുതുന്നതായി കൗണ്‍സില്‍ അംഗം സ്റ്റീവ് അലന്‍ പറഞ്ഞു. അതേസമയം, ഗ്രീന്‍ലൈനിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ ആഗ്രഹിക്കുന്ന സിറ്റിസണ്‍ കമ്മിറ്റി ഗ്രൂപ്പ് പറയുന്നത് പ്രതീക്ഷിക്കുന്ന അധിക ചെലവുകളില്‍ അതിശയിക്കാനാകില്ലെന്നാണ്.