ഒക്കോടോക്‌സില്‍ വില്ലന്‍ ചുമ വ്യാപിക്കുന്നു;  പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നിര്‍ദ്ദേശിച്ച് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് 

By: 600002 On: Mar 14, 2024, 10:33 AM

 

 

സതേണ്‍ ആല്‍ബെര്‍ട്ട കമ്മ്യൂണിറ്റിയായ ഒകോടോക്‌സില്‍ വില്ലന്‍ ചുമ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്). വില്ലന്‍ ചുമ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതപാലിക്കാനും പ്രതിരോധ കുത്തിവെപ്പ് എടുക്കാനും എഎച്ച്എസ് മുന്നറിയിപ്പ് നല്‍കി. 2023 നവംബര്‍ മുതല്‍ ഒകോടോക്‌സില്‍ 17 ഓളം വില്ലന്‍ ചുമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി എഎച്ച്എസ് പറയുന്നു. ഇവയെല്ലാം പ്രാദേശികമായി വ്യാപിച്ചവയാണ്. ഇവരില്‍ ഒരു രോഗിയെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

വില്ലന്‍ ചുമയെ പ്രതിരോധിക്കാന്‍ വാക്‌സിനേഷനാണ് ഫലപ്രദമെന്ന് എഎച്ച്എസ് വ്യക്തമാക്കി. പ്രതിരോധ കുത്തിവെപ്പ് അണുബാധയ്‌ക്കെതിരെ സംരക്ഷണം നല്‍കുന്നു. അതിനാല്‍ പ്രവിശ്യയിലുള്ളവര്‍ വാക്‌സിനേഷന്‍ സ്വീകരിക്കേണ്ടതാണെന്നും എഎച്ച്എസ് അറിയിച്ചു. 

'ബോര്‍ഡിറ്റെല്ല പെര്‍ട്ടുസിസ്'  എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന, ശ്വാസകോശത്തെയും ശ്വസനനാളത്തെയും ബാധിക്കുന്ന അണുബാധയാണ് പെര്‍ട്ടുസിസ് എന്ന വില്ലന്‍ ചുമ. രണ്ട് മാസത്തില്‍ താഴെയുള്ള ശിശുക്കളില്‍ ഇത് പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശിശുക്കളെ മാത്രമല്ല, വലിയ കുട്ടികളെയും മുതിര്‍ന്നവരെയും ചുമ ബാധിക്കാം. ഹെര്‍ണിയ, വാരിയെല്ലുകള്‍ക്ക് പൊട്ടല്‍, ചെവിയില്‍ അണുബാധ, യൂറിനറി ഇന്‍കോണ്ടിനന്‍സ് എന്നിവയൊക്കെ വില്ലന്‍ ചുമയെത്തുടര്‍ന്ന് ഉണ്ടാകാവുന്നതാണ്.