മറ്റ് പ്രവിശ്യകളിലെ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ 5,000 ഡോളര്‍ ഇന്‍സെന്റീവ്; നികുതി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതായി ആല്‍ബെര്‍ട്ട 

By: 600002 On: Mar 14, 2024, 9:56 AM

 


പ്രവിശ്യയ്ക്ക് പുറത്തുള്ള തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി 5,000 ഡോളര്‍ ഇന്‍സെന്റീവ് വാഗ്ദാനം ചെയ്യുന്നതിനായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ നികുതി നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നു. പ്രവിശ്യയിലേക്ക് കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ഈ വര്‍ഷത്തെ ബജറ്റില്‍ നിന്ന് 10 മില്യണ്‍ ഡോളര്‍ നീക്കിവെക്കുന്നതിനായുള്ള നിയമനിര്‍മാണം ആല്‍ബെര്‍ട്ട സര്‍ക്കാര്‍ അവതരിപ്പിച്ചു. ആല്‍ബെര്‍ട്ട പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് ആക്ടില്‍ ഭേദഗതി വരുത്തി ആല്‍ബെര്‍ട്ട ഈസ് കോളിംഗ് അട്രാക്ഷന്‍ ബോണസ് ആയി 5,000 ഡോളര്‍ റീഫണ്ടബിള്‍ ടാക്‌സ് ക്രെഡിറ്റിന് അനുവദിക്കും. കാനഡയിലെ മറ്റിടങ്ങളില്‍ നിന്ന് വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ആല്‍ബെര്‍ട്ട കോളിംഗ് അട്രാക്ഷന്‍ ബോണസ്. തൊഴിലാളി ആകര്‍ഷിക്കാനുള്ള പ്രോഗ്രാമിന്റെ ചെലവ് മികച്ച രീതിയില്‍ പ്രതിഫലിക്കണമെന്ന് തീരുമാനിച്ചതായി ജോബ്‌സ്, ഇക്കണോമി, ട്രേഡ് മിനിസ്റ്റര്‍ മാറ്റ് ജോണ്‍സ് പറഞ്ഞു. 

2022 ല്‍ മുന്‍ പ്രീമിയര്‍ ജേസണ്‍ കെന്നി ആദ്യമായി പ്രഖ്യാപിച്ച പ്രോഗ്രാം തുടക്കത്തില്‍ ടൊറന്റോയിലും വാന്‍കുവറിലും താമസിക്കുന്ന കനേഡിയന്‍ പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അറ്റ്‌ലാന്റിക് കാനഡയിലും ഒന്റാരിയോയുടെ ചില ഭാഗങ്ങളിലും നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, പ്രത്യേകിച്ച് തൊഴിലാളി ക്ഷാമം നേരിടുന്ന ഹോട്ടല്‍, റെസ്‌റ്റോറന്റ് ഇന്‍ഡസ്ട്രികളിലേക്ക്. 

പ്രോഗ്രാം വിജയകരമാണെങ്കില്‍ തൊഴിലാളി ക്ഷാമം നേരിടുന്ന ആരോഗ്യ സംരക്ഷണം, ശിശു സംരക്ഷണം തുടങ്ങിയ മറ്റ് മേഖലകളിലേക്ക് ഇത് പ്രയോജനപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് ജോണ്‍സ് പറഞ്ഞു.