ഓവര്‍പാസില്‍ അപകടമുണ്ടാക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന പിഴയും തടവ് ശിക്ഷയും പ്രഖ്യാപിച്ച് ബീസി സര്‍ക്കാര്‍ 

By: 600002 On: Mar 13, 2024, 11:34 AM

 


ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ പദ്ധതി പ്രകാരം ഓവര്‍പാസുകളില്‍ ഇടിക്കുകും അപകടമുണ്ടാക്കുകയും ചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന പിഴയും തടവ് ശിക്ഷയും പ്രഖ്യാപിച്ചു. കൊമേഴ്‌സ്യല്‍ ട്രാന്‍സ്‌പോര്‍ട്ട് ആക്ടില്‍(CTA) നിര്‍ദ്ദേശിക്കപ്പെട്ട മാറ്റങ്ങളില്‍ ഓവര്‍പാസില്‍ ഇടിക്കുന്നവര്‍ക്ക് 100,000 ഡോളര്‍ വരെ പിഴയും 18 മാസം വരെ തടവും ചുമത്തും. മറ്റ് പ്രവിശ്യകള്‍ ഈടാക്കുന്ന പിഴയേക്കാള്‍ കൂടുതലാണിത്. എന്നാല്‍ ഇത് റെയില്‍വെയ്ക്കും അപകടകരമായ ചരക്ക് സുരക്ഷയ്ക്കും ചുമത്തുന്ന പരമാവധി പിഴയ്ക്ക് അനുസൃതമാണ്. 

റോഡുകളിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചരക്കുകളുടെ സുരക്ഷിതമായ നീക്കത്തിനും പുതിയ മാറ്റത്തിലൂടെ സഹായിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ റോബ് ഫ്‌ളെമിംഗ് പറഞ്ഞു. സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാന്‍ ട്രക്ക് ഡ്രൈവര്‍മാരെ പുതിയ മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓവര്‍പാസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തകര്‍ച്ചയ്ക്ക് ശേഷമുള്ള അറ്റകുറ്റപ്പണികള്‍ക്കായി ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവ് വരുന്നതായി ഫ്‌ളെമിംഗ് പറഞ്ഞു. 

പ്രവിശ്യയുടെ കണക്കനുസരിച്ച്, ബീസിയില്‍  2021 മുതല്‍ ഓവര്‍-ഹൈറ്റ് കൊമേഴ്‌സ്യല്‍ ട്രക്കുകള്‍ ഇടിച്ച് 35 ഓളം അപകടമുണ്ടായിട്ടുണ്ട്.