ഏഷ്യന്‍ ബിസിനസ്സ് ഉടമകളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് 'ഓര്‍ഗനൈസ്ഡ് ക്രൈം ഗ്രൂപ്പുകള്‍' ജിപിഎസ് ട്രാക്കറുകള്‍ ഉപയോഗിച്ചേക്കാം: ആര്‍സിഎംപി 

By: 600002 On: Mar 13, 2024, 10:28 AM
വാന്‍കുവര്‍ ഐലന്‍ഡില്‍ ഏഷ്യന്‍ ബിസിനസ് ഉടമകളുടെ സ്ഥാപനങ്ങളെയും വീടുകളെയും ലക്ഷ്യമിടുന്ന ഓര്‍ഗനൈസ്ഡ് ക്രൈം ഗ്രൂപ്പുകള്‍ അപകടകാരികളാണെന്നും ഇവര്‍ അതിക്രമിച്ച് കയറാനും അക്രമം നടത്താനും ജിപിഎസ് ട്രാക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും മുന്നറിയിപ്പ് നല്‍കി കാംബെല്‍ റിവര്‍ ആര്‍സിഎംപി. ഈ മാസം ആദ്യം രണ്ട് ഹോം ബ്രേക്ക്-ഇന്നുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കാംബെല്‍ റിവര്‍ ആര്‍സിഎംപി അറിയിച്ചു. കോമോക്‌സ് വാലിയിലാണ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

കമ്മ്യൂണിറ്റിയിലെ ഏഷ്യന്‍ വംശജരായ ചെറുകിട ബിസിനസ് ഉടമകളുടെ വസതികളാണ് മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നതെന്ന് പോലീസ് പറയുന്നു. ബിസിനസ് ഉടമകള്‍ ജോലി ചെയ്യുന്ന സമയത്താണ് വീടുകളില്‍ അതിക്രമിച്ച് കയറി സംഘം കവര്‍ച്ച നടത്തുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്താന്‍ മോഷ്ടാക്കള്‍ ആദ്യം വീടുകളില്‍ സന്ദര്‍ശനം നടത്തും. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കുന്ന ഇവര്‍ പിന്നീട് കവര്‍ച്ച ചെയ്യാനെത്തുന്നു. 

സമാനമായ സാഹചര്യം നേരിടേണ്ടി വരുന്നവര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് അറിയിച്ചു. വീടുകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മുഴുവന്‍ മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്യും. അതിനാല്‍ വീട് സുരക്ഷിതമാണെന്ന് ആളുകള്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സുരക്ഷയ്ക്കായി സെക്യൂരിറ്റി ക്യമാറകള്‍ സ്ഥാപിക്കുന്നത് പ്രയോജനം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.