അഞ്ചാംപനി: ക്യുബെക്കില്‍ കേസുകള്‍ 18 ആയി; വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 

By: 600002 On: Mar 13, 2024, 9:29 AM

 


പ്രവിശ്യയില്‍ ചൊവ്വാഴ്ച ഉച്ചവരെ 18 അഞ്ചാംപനി കേസുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ കനത്ത ജാഗ്രത പാലിക്കാന്‍ ക്യുബെക്ക് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കേസുകള്‍ വ്യാപിക്കുന്നതോടെ പ്രവിശ്യയിലുടനീളമുള്ള സ്‌കൂള്‍ ബോര്‍ഡുകളിലേക്കും സര്‍വീസ് സെന്ററുകളിലേക്കും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയച്ചു. ലെസ്റ്റര്‍ ബി.പിയേഴ്‌സണ്‍ സ്‌കൂള്‍ ബോര്‍ഡ്(LBPSB)  രോഗബാധ, ലക്ഷണങ്ങള്‍, പടരുന്നതെങ്ങനെ, വാക്‌സിനേഷന്‍, വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റ് എങ്ങനെ ബുക്ക് ചെയ്യാം തുടങ്ങിയവ ഉള്‍പ്പെടെ സംബന്ധിച്ചും നിലവിലെ സാഹചര്യം സംബന്ധിച്ചും രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയച്ചു. എലിമെന്ററി സ്‌കൂളുകള്‍ക്ക് മുന്‍ഗണന നല്‍കി വിവിധ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിന് സ്‌കൂള്‍ ബോര്‍ഡ് ലോക്കല്‍ CIUSSS മായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലിനിക്കുകളുടെ ലിസ്റ്റ് ഉടന്‍ ലഭ്യമാകുമെന്ന് LBPSB  വക്താവ് ഡാരന്‍ ബെക്കര്‍ പറഞ്ഞു. 

ഇംഗ്ലീഷ് മോണ്‍ട്രിയല്‍ സ്‌കൂള്‍ ബോര്‍ഡും ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ ഉടന്‍ വാക്‌സിനേഷന്‍ സ്വീകരിക്കേണ്ടതാണെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി.