അച്ചെസണിലെ ആമസോണ്‍ ഫെസിലിറ്റി സെന്റര്‍ കാനഡയില്‍ ഏറ്റവും സാങ്കേതികമായി മികച്ചതെന്ന് കമ്പനി 

By: 600002 On: Mar 13, 2024, 9:05 AM

 

 


ആല്‍ബെര്‍ട്ടയിലെ അച്ചെസണില്‍ അടുത്തിടെ ആരംഭിച്ച ആമസോണ്‍ വെയര്‍ഹൗസ് കാനഡയിലെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 5,000ത്തിലധികം റോബോട്ടുകള്‍ വെയര്‍ഹൗസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ എഡ്മന്റണ്‍ റീജിയണില്‍ ആരംഭിച്ച YEG2  ആമസോണ്‍ ഫുള്‍ഫില്‍മെന്റ് ഫെസിലിറ്റി സെന്റര്‍ മേഖലയിലെ രണ്ടാമത്തെ ഫുള്‍ഫില്‍മെന്റ് സെന്ററും വെസ്റ്റേണ്‍ കാനഡയിലെ ഏറ്റവും വലുതുമാണെന്നും കമ്പനി വ്യക്തമാക്കി. 635,000 സ്‌ക്വയര്‍ ഫീറ്റിലാണ് ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 

40 ഫുള്‍ സൈസ് സോക്കര്‍ ഫീല്‍ഡുകളും 20 കിലോമീറ്ററിലധികം കണ്‍വെയര്‍ ബെല്‍റ്റുകളും സ്ഥാപിക്കാന്‍ പര്യാപ്തമാണ് വെയര്‍ഹൗസെന്ന് YEG2 ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ പറഞ്ഞു. ഏകദേശം 1,000 ജീവനക്കാര്‍, 25 ഓളം റോബോട്ടിക് യന്ത്രങ്ങള്‍, 5,000 റോബോട്ടിക് ബിന്നുകള്‍ തുടങ്ങിയവ ഫെസിലിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഴ്ചയില്‍ നാല് മില്യണ്‍ ഐറ്റങ്ങള്‍ നിറയ്ക്കാന്‍ ഫെസിലിറ്റിക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. റോബോട്ടിക് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും ഉപയോഗിക്കുന്നുണ്ട്. റോബിന്‍ റോബോട്ടിക് ഉപകരണങ്ങളുള്ള രണ്ട് കേന്ദ്രങ്ങള്‍ അച്ചെസണിലും ഓട്ടവയിലും മാത്രമാണ് ഉള്ളതെന്നും സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.