യൂട്യൂബിന് എട്ടിന്‍റെ പണി വരുന്നു,പിന്നിൽ എക്സ്തലവൻ എലോൺ മസ്ക്

By: 600007 On: Mar 12, 2024, 7:22 AM

 

ദില്ലി: വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പ്ലാനിട്ട് എക്സ് തലവൻ എലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്. സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാണ് എക്‌സിന്റെ ടിവി ആപ്പ് ആദ്യം എത്തുന്നതെന്ന് ഫോർച്ച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്നൽ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്‌സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

വീഡിയോ സ്ട്രീമിങ് രം​ഗത്തേക്ക് എക്സ് വരാനൊരുങ്ങുന്നു എന്നത് പുതുമയുള്ള കാര്യമല്ല. മുൻപും മസ്ക് ഇത്തരത്തിലുള്ള സൂചനകൾ നല്കിയിട്ടുണ്ട്.  2023 ൽ ദൈർഘ്യമേറിയ വീഡിയോകൾ കാണാൻ ട്വിറ്ററിന്റെ ടിവി ആപ്പ് വേണം എന്ന് ഒരു ഉപഭോക്താവ് ആവശ്യപ്പെട്ടിരുന്നു, ഇതിന് മറുപടിയായി 'അത് താമസിയാതെ വരും' എന്നാണ് മസ്‌ക് മറുപടി നൽകിയത്. 2005 ൽ നിലവിൽ വന്ന യൂട്യൂബ് ഇന്ന് വീഡിയോ സ്ട്രീമിങ് രംഗത്തെ ഏറ്റവും ശക്തമായ സാന്നിധ്യമാണ്. വീഡിയോ ക്രിയേറ്റർമാർ, ഇൻഫ്‌ളുവൻസർമാർ, സിനിമാ ആസ്വാദകർ, ഗെയിമർമാർ ഉൾപ്പടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കാലങ്ങളായി നേടിയെടുത്തിട്ടുണ്ട് യൂട്യൂബ്. ആ യൂട്യൂബിനോടാണ് മസ്‌കിന്റെ എക്‌സ് മത്സരിക്കാനൊരുങ്ങുന്നത്.