കാനഡയില്‍ വാടക നിരക്ക് കൂടുന്നു; ചെലവേറിയ പ്രവിശ്യയായി ബീസി തുടരുന്നു 

By: 600002 On: Mar 12, 2024, 1:53 PM

 

 


കാനഡയില്‍ പ്രതിവര്‍ഷം വാടക നിരക്കുകള്‍ ഉയരുകയാണെന്ന് Rentals.ca, Urbanation എന്നിവയുടെ റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ഒരു വാടക യൂണിറ്റിന് പ്രതിമാസം 2,193 ഡോളറായിരുന്നു ശരാശരി ചോദിക്കുന്ന വില. വര്‍ഷംതോറും 10.5 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വാര്‍ഷിക വളര്‍ച്ചയും ഫെബ്രുവരിയിലാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഫെബ്രുവരിയില്‍ വണ്‍ ബെഡ്‌റൂം യൂണിറ്റിന്റെ ശരാശരി പ്രതിമാസ ചെലവ് 1,920 ഡോളറായിരുന്നു. 2023 ലെ അതേ മാസത്തേക്കാള്‍ 12.9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏറ്റവും വേഗത്തില്‍ വാടക നിരക്കുകള്‍ ഉയരുന്ന പ്രവിശ്യയെന്ന സ്ഥാനം ആല്‍ബെര്‍ട്ടയ്ക്കാണ്. കഴിഞ്ഞ മാസം മൊത്തം ശരാശരി വില 20 ശതമാനം ഉയര്‍ന്ന് 1,708 ഡോളറിലെത്തി. 

ബ്രിട്ടീഷ് കൊളംബിയയും ഒന്റാരിയോയും ഫെബ്രുവരിയില്‍ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ച രേഖപ്പെടുത്തി. യഥാക്രമം 1.3 ശതമാനം, ഒരു ശതമാനം എന്നിങ്ങനെയാണ് വാര്‍ഷിക വര്‍ധനവ്. എന്നാല്‍ ഈ പ്രവിശ്യകള്‍ കാനഡയിലെ ഏറ്റവും കൂടുതല്‍ ചെലവേറിയ നഗരങ്ങള്‍ എന്ന നിലയില്‍ തുടരുകയാണ്. ബീസിയില്‍ മൊത്തം ശരാശരി വാടക 2,481 ഡോളറാണ്. ഒന്റാരിയോയില്‍ 2,431 ഡോളറാണ് വാടക നിരക്ക്.