കനേഡിയന്‍ ഗവര്‍ണര്‍ ജനറലിന് വന്‍ ശമ്പള വര്‍ധന; വിമര്‍ശനവുമായി കനേഡിയന്‍ പൗരന്മാര്‍ 

By: 600002 On: Mar 12, 2024, 11:45 AM

 


കനേഡിയന്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണിന് ഭീമമായ ശമ്പള വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കനേഡിയന്‍ പൗരന്മാര്‍ക്കിടയില്‍ വിമര്‍ശനം ഉയരുന്നതായി റിപ്പോര്‍ട്ട്. കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്റെ(സിടിഎഫ്) റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. സിടിഎഫിന്റെ അന്വേഷണമനുസരിച്ച് ഗവര്‍ണര്‍ ജനറല്‍ ഈ വര്‍ഷം ഇതുവരെ 11,200 ഡോളര്‍ ശമ്പള വര്‍ധനവ് സ്വീകരിച്ചിട്ടുണ്ട്. 2021 ല്‍ ഈ പദവിയിലേക്ക് നിയമിക്കപ്പെട്ടതിന് ശേഷമുള്ള മൂന്നാമത്തെ വര്‍ധനവാണിത്. 2024 ല്‍ വേതനം 362,800 ഡോളറായി ഉയര്‍ന്നു. 

ഉയര്‍ന്ന വിലക്കയറ്റവും പണപ്പെരുപ്പവും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വര്‍ധനവും മൂലം കനേഡിയന്‍ പൗരന്മാര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഗവര്‍ണര്‍ ജനറലിന്റെ വേതനം ഇത്രയധികം വര്‍ധിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് സിടിഎഫ് ഫെഡറല്‍ ഡയറക്ടര്‍ ഫ്രാങ്കോ ടെറാസാനോ പറഞ്ഞു. ഇതിനെതിരെ നിരവധി കനേഡിയന്‍ പൗരന്മാര്‍ ഓണ്‍ലൈനില്‍ രംഗത്ത് വന്നിട്ടുണ്ട്. 

ഗവര്‍ണര്‍ ജനറലിന് ശമ്പള വര്‍ധനവ് മാത്രമല്ല, ടാക്‌സ്‌പേയര്‍-ഫണ്ടഡ് മാന്‍ഷണ്‍, പ്ലാറ്റിനം പെന്‍ഷന്‍, റിട്ടയര്‍മെന്റ് അലവന്‍സ്, ക്ലോത്തിംഗ് ബജറ്റ്, പെയ്ഡ് ഡ്രൈ ക്ലീനിംഗ്, ട്രാവല്‍ എക്‌സ്‌പെന്‍സ് തുടങ്ങിയവയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.