ഇന്‍ഡോര്‍ സെക്യൂരിറ്റി ക്യാമറകള്‍ നിരോധിച്ച് എയര്‍ബിഎന്‍ബി 

By: 600002 On: Mar 12, 2024, 9:22 AM

 

 

ആഗോളതലത്തില്‍ ലിസ്റ്റിംഗുകളില്‍ ഇന്‍ഡോര്‍ സെക്യൂരിറ്റി ക്യാമറകളുടെ ഉപയോഗം നിരോധിക്കുകയാണെന്ന് ഷോര്‍ട്ട്-ടേം റെന്റല്‍ പ്ലാറ്റ്‌ഫോം എയര്‍ബിഎന്‍ബി അറിയിച്ചു. മുമ്പ്, ലിസ്റ്റിംഗ് പേജില്‍ ഉപകരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമായി വെളിപ്പെടുത്തുകയും വീടുകളിലെ പൊതുവായ ഇടങ്ങളിലെല്ലാം ഇന്‍ഡോര്‍ സെക്യൂരിറ്റി ക്യാമറ സ്ഥാപിക്കാന്‍ ഹോസ്റ്റുകളെ അനുവദിക്കുകയും ചെയ്തിരുന്നു. സ്‌ളീപ്പിംഗ് ഏരിയ, ബാത്ത്‌റൂം എന്നിവടങ്ങളില്‍ ഇന്‍ഡോര്‍ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല. പുതിയ തീരുമാന പ്രകാരം, ഇന്‍ഡോര്‍ സെക്യൂരിറ്റി ക്യാമറകള്‍ അവയുടെ സ്ഥാനം, ഉദ്ദേശ്യം, മുന്‍ വെളിപ്പെടുത്തല്‍ എന്നിവ പരിഗണിക്കാതെ ലിസ്റ്റിംഗുകളിലെല്ലാം നിരോധിച്ചതായി കമ്പനി വ്യക്തമാക്കി. 

എയര്‍ബിഎന്‍ബിയില്‍ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്ന പുതിയതും വ്യക്തവുമായ നിയമങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് എയര്‍ബിഎന്‍ബി കമ്മ്യൂണിറ്റി ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് മേധാവി ജൂനിപ്പര്‍ ഡൗണ്‍സ് കമ്പനിയുടെ ബ്ലോഗ്‌പോസ്റ്റില്‍ വ്യക്തമാക്കി. പ്രൈവസി എക്‌സ്‌പേര്‍ട്ട്‌സ്, ഗസ്റ്റുകള്‍, ഹോസ്റ്റ് എന്നിവരുമായി കൂടിയാലോചിച്ചാണ് പുതിയ നയം സൃഷ്ടിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ എയര്‍ബിഎന്‍ബിയിലെ ഭൂരിഭാഗം ലിസ്റ്റിംഗുകളും സുരക്ഷാ ക്യാമറ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.