വരും വര്‍ഷങ്ങളില്‍ കാനഡ രൂക്ഷമായ പ്രതിസന്ധികളെ നേരിടും; മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി 

By: 600002 On: Mar 11, 2024, 11:48 AM

 

 

കാനഡയില്‍ ദേശീയ, അന്തര്‍ദേശീയ കാര്യങ്ങളെ പിടിച്ചുകുലുക്കുന്ന പ്രതിസന്ധികള്‍ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ കൂടുതല്‍ രൂക്ഷമാകാനും ഫെഡറല്‍ സര്‍ക്കാരിനെയും ഫെഡറല്‍ പോലീസ് സേനയെയും സാരമായി ബാധിക്കുമെന്നും ആര്‍സിഎംപി തയാറാക്കിയ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ്-19, വിതരണ ശൃംഖല പ്രശ്‌നങ്ങള്‍, ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം തുടങ്ങിയ സംഭവങ്ങള്‍ ലോകമെമ്പാടും ഞെട്ടിപ്പിക്കുന്ന തരംഗങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 

ആഗോള തലത്തിലെ പ്രശ്‌നങ്ങള്‍ കാനഡയെയും പിടിച്ചുകുലുക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആദ്യകാല പ്രത്യാഘാതങ്ങളും ആഗോള മാന്ദ്യവും നിലവിലുള്ള പ്രതിസന്ധികള്‍ രൂക്ഷമാക്കുമെന്നതിനാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ഥിതി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2022 ഫെബ്രുവരിയില്‍ രൂപീകരിച്ച ആര്‍സിഎംപിയുടെ പ്രത്യോക വിഭാഗമായ മൂന്നംഗ സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ആന്‍ഡ് മെത്തഡോളജി ടീമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ഭൗമരാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാങ്കേതിക, പാരിസ്ഥിതിക മാറ്റങ്ങള്‍ സങ്കീര്‍ണവും വികസിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇവയ്ക്ക് അപ്രതീക്ഷിതമായ രീതിയില്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളെ തകിടംമറിക്കാനോ തടസ്സപ്പെടുത്താനോ കഴിയും. ചെറുതും വലുതുമായ മാറ്റങ്ങള്‍ക്ക് രാജ്യത്തുടനീളമുള്ള സേനകളില്‍ വിനാശകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.