ഓസ്കർ അവാർഡുകൾ നാളെ പ്രഖ്യാപിക്കും

By: 600007 On: Mar 10, 2024, 3:25 AM

 

ഹോളിവുഡ്: 96ആമത് ഓസ്കർ അവാർഡുകൾ നാളെ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാവിലെ ഏഴ് മണിയോടെ ചടങ്ങുകൾ തുടങ്ങും. ഓപൻഹെയ്മറും ബാർബിയും അടക്കം തീയറ്ററുകളിലും കയ്യടി നേടിയ ചിത്രങ്ങളാണ് ഇക്കുറി ഏറ്റുമുട്ടുന്നത്.

നാട്ടു നാട്ടു മുഴങ്ങിക്കേട്ട 95ആം ഓസ്കർ വേദിയിൽ നിന്ന് 96ആം പതിപ്പിലേക്ക് എത്തുമ്പോള്‍ മത്സരചിത്രം ഏറെകുറെ വ്യക്തം. ഇതിനകം 7 ബാഫ്റ്റയും 5 ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടിയ ഓപൻഹെയ്മറിൽ തന്നെ ആണ് എല്ലാ കണ്ണുകളും. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രം ഓസ്കറിലും തല ഉയർത്തി നിൽക്കുമെന്ന് പ്രതീക്ഷ. 

അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചനം. നടിമാരുടെ വിഭാഗത്തിൽ പുവർ തിംഗ്സ് നായിക എമ്മ സ്റ്റോണും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ ഇക്കുറിയും അവതാരകന്റെ റോളിൽ ജിമ്മി കെമ്മൽ. കാത്തിരിക്കാം പുരസ്കാരരാവിനായി.