സിദ്ധാർത്ഥനെ ക്രൂരമായി മര്‍ദിച്ച സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്

By: 600007 On: Mar 8, 2024, 11:36 AM

 

 

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധ‍ാ‍‍ര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് എന്ന് പൊലീസ്. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്‍ത്ഥന് ദാഹജലം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. പ്രതിപ്പട്ടികയിലേക്ക് മറ്റുചിലർ ഉൾപ്പെടാനുള്ള സാധ്യതകൂടിയുണ്ട്.

സിദ്ധാര്‍ത്ഥൻ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ത്ഥികൾ പൊലീസിന് നല്‍കുന്ന മൊഴി. കരാട്ടെയില്‍ ബ്ലാക്ക് ബെൽട്ടുനേടിയ പ്രധാനപ്രതി സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധാര്‍ത്ഥനുമേൽ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരൽ പ്രയോഗം. മ‍ര്‍മ്മം നന്നായി അറിയാവുന്ന സിൻജോയുടെ കണ്ണില്ലാ ക്രൂരത. പോസ്റ്റുമോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. സിൻജോ കൈവിരലുകള്‍വെച്ച് കണ്ഠനാളം അമര്‍ത്തിയിരുന്നു. ഇതുണ്ടാക്കിയ ആഘാതം ചെറുതല്ല. വെള്ളം പോലും ഇറക്കാനായില്ലെന്ന് വിദ്യാര്‍ത്ഥികൾ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം. 


ആള്‍ക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും സിഞ്ചോ. ഇത് തിരിച്ചിറിഞ്ഞാണ് സിൻജോയെ പൊലീസ് മുഖ്യപ്രതിയാക്കിയതും. ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥൻ. എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റിയ വിദ്യാ‍ര്‍ത്ഥിയോടുള്ള അസൂയ കൂടി തല്ലിത്തീര്‍ത്തു എന്ന് വിദ്യാര്‍ത്തികളുടെ മൊഴികളിൽ നിന്ന് പൊലീസ് വായിച്ചെടുത്തു.