സസ്‌ക്കാച്ചെവനിലെ വെയ്‌ലാര്‍ഡ്‌വില്ലെ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും 60ലധികം തോക്കുകളും 10,000 വെടിയുണ്ടകളും പ്രിന്‍സ് ആല്‍ബെര്‍ട്ട് ആര്‍സിഎംപി പിടിച്ചെടുത്തു. ആര്‍സിഎംപി ക്രൈം റിഡക്ഷന്‍ ടീം ഈ വര്‍ഷം ഹഡ്‌സണ്‍ ബേ ഏരിയയിലെ തോക്ക് കടത്ത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വെയ്‌ലാര്‍ഡ്‌വില്ലെയിലെ വീട്ടില്‍ നിന്നും അനധികൃത തോക്കുശേഖരം കണ്ടെത്തിയത്.
തോക്കുകള്‍ സൂക്ഷിച്ച സ്റ്റീവന്‍ ബോന്‍ഡി എന്ന 56കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരെ ആയുധക്കടത്ത്, നിരോധിത ആയുധങ്ങള്‍ അനധികൃതമായി കൈവശം വെക്കല്‍, കുറ്റകൃത്യത്തിലൂടെ സ്വത്ത് സമ്പാദനം തുടങ്ങിയ കുറ്റങ്ങള്‍ ആര്‍സിഎംപി ചുമത്തി.
മാര്‍ച്ച് 13 നിപാവിന്‍ കോടതിയില്‍ ഹാജരാകുന്നതു വരെ ബോണ്ടിയെ റിമാന്‍ഡ് ചെയ്തതായി ആര്‍സിഎംപി അറിയിച്ചു.