കാനഡയിൽ പ്രവർത്തിക്കുന്ന മലയാളം സ്കൂളായ ''നമ്മളുടെ പള്ളിക്കൂടം''  തങ്ങളുടെ ആദ്യബാച്ചിൽ വിജയംകൈവരിച്ച  വിദ്യർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു

By: 600007 On: Mar 9, 2024, 7:26 AM

 

നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്ററേച്ചർ (NAMMAL),  കേരള സർക്കാർ സംരംഭമായ മലയാളം മിഷനുമായി സഹകരിച്ച്  നടത്തുന്ന മലയാളം സ്കൂളായ "നമ്മളുടെ പള്ളിക്കൂടം" ത്തിലെ   ആദ്യ ബാച്ചിൽ വിജയംകൈവരിച്ച  വിദ്യാർത്ഥികളുടെ (കണിക്കൊന്ന) സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. കാൽഗറിയിൽ നിന്നുമുള്ള വിദ്യാർത്ഥിനി ദേവിതാ ദീപുവിന് നമ്മൾ പ്രതിനിധികളായ ശ്രീകുമാർ, രവിരാജ് എന്നിവരാണ് മലയാളം മിഷന്റെ സർട്ടിഫിക്കറ്റ് കൈമാറിയത്.

2021- ൽ ആരംഭിച്ച നമ്മളുടെ പള്ളിക്കൂടത്തിന്റെ ആദ്യബാച്ചിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഏറ്റവും മികച്ച ഗ്രേഡുകളിൽ തന്നെ വിജയം കൈവരിച്ചതായി നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്ററേച്ചർ ഭാരവാഹികൾ അറിയിച്ചു. "നമ്മളുടെ പള്ളിക്കൂടത്തിൽ" അധ്യാപക-അനധ്യാപക മേഖലയിൽ പ്രവർത്തിക്കുന്ന  നിരവധി  സന്നദ്ധപ്രവർത്തകരുടെ ശ്രമഫലമായാണ് ഇത്തരത്തിൽ ഓൺലൈനിൽ കൂടി ഒരു മലയാളം സ്കൂൾ വളരെ വിജയകരമായി നടത്തുന്നത് എന്ന് നമ്മളുടെ പള്ളിക്കൂടം പ്രധാന അധ്യാപകൻ നന്ദകുമാർ അറിയിച്ചു. കാനഡയിലെ ഒട്ടുമിക്ക പ്രൊവിൻസുകളിൽ നിന്നുമുള്ള മലയാളി വിദ്യാർഥികൾ "നമ്മളുടെ പള്ളിക്കൂടം" വഴി മലയാളം പഠിക്കുന്നുണ്ട്.  മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയോടും,  കൂടാതെ മലയാളം മിഷൻ കേരളത്തിന്റെ എല്ലാ ജീവനക്കാർക്കുമുള്ള നന്ദി അറിയിക്കുന്നതായി NAMMAL ഭാരവാഹികൾ അറിയിച്ചു.