കനേഡിയന്‍ പൗരന്മാര്‍ക്ക് മദ്യത്തോടുള്ള താല്‍പ്പര്യം കുറയുന്നുവെന്നും കാനബീസിന് ഡിമാന്‍ഡ് വര്‍ധിക്കുന്നുവെന്നും പുതിയ റിപ്പോര്‍ട്ട്. പ്രൊവിന്‍ഷ്യല്‍ അതോറിറ്റികളുടെ റിക്രിയേഷണല്‍ കാനബീസ് വില്‍പ്പന വര്‍ഷംതോറും 15.8 ശതമാനം വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച് 2022 മുതല്‍ 2023 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ കനേഡിയന്‍ പൗരന്മാര്‍ കാനബീസ് വാങ്ങുന്നതിനായി മൊത്തം 4.7 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 0.6 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ്.
2018 ല്‍ റിക്രിയേഷണല്‍ കാനബീസ് നിയമവിധേയമാക്കിയതിന് ശേഷം ഉല്‍പ്പന്നങ്ങള്‍ക്കായി പ്രതിവര്‍ഷം 150 ഡോളര്‍ കാനബീസ് വാങ്ങുന്നതിനുള്ള നിയമപരമായ പ്രായത്തിലുള്ളവര്‍ ചെലവഴിക്കുന്നതായാണ് കണക്കുകള്‍. അതേസമയം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മദ്യ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തി. 2022/2023 വര്‍ഷങ്ങളില്‍ അളവ് അടിസ്ഥാനമാക്കിയുള്ള മദ്യ വില്‍പ്പന 1.1 ശതമാനം (3,106 മില്യണ്‍ ലിറ്റര്‍) കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മദ്യപിക്കാനുള്ള നിയമപരമായ പ്രായത്തിലുള്ള കനേഡിയന്‍ പൗരന്മാര്‍ കഴിച്ചിരുന്ന സ്റ്റാന്‍ഡേര്‍ഡ് ആല്‍ക്കഹോളിക് ബീവറേജസ് ആഴ്ചയില്‍ 9.2 ശതമാനമായി. ഇത് മുന്‍വര്‍ഷം 9.5 ആയിരുന്നു. അളവ് അനുസരിച്ച് മദ്യവില്‍പ്പന കുറഞ്ഞപ്പോള്‍ ഇന്‍ഹേല്‍ഡ് കാനബീസ് എക്‌സ്ട്രാക്റ്റ്‌സ് വാങ്ങുന്നതില്‍ വന്‍ വര്‍ധനവുണ്ടായി. സ്‌മോക്കിംഗിനും വേപ്പിംഗിനും ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 59 ശതമാനം ഉയര്‍ന്നു. റിക്രിയേഷണല്‍ കാനബീസ് കണ്‍സപ്ഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.