നിര്‍മാണ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുന്നു; ആശങ്ക പ്രകടിപ്പിച്ച് കാല്‍ഗറി കണ്‍സ്ട്രക്ഷന്‍ അസോസിയേഷന്‍ 

By: 600002 On: Mar 8, 2024, 10:35 AM

 


കാല്‍ഗറിയില്‍ നാലിലൊന്ന് ജോലികള്‍ കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടുള്ളവയാണെങ്കിലും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിലവില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് കാല്‍ഗറി കണ്‍സ്ട്രക്ഷന്‍ അസോസിയേഷന്‍ ആശങ്ക പ്രകടിപ്പിക്കുന്നു. കാല്‍ഗറിയിലെ 30,500 ജോലി ഒഴിവുകളില്‍ 7,560 എണ്ണം കണ്‍സ്ട്രക്ഷന്‍ മേഖലയിലാണെന്ന് 2023 ലെ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ പറയുന്നതായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. 

നിലവില്‍ റെസിഡന്‍ഷ്യല്‍ ഇന്‍ഡസ്ട്രിയിലെ പ്രതിസന്ധി ഉത്കണ്ഠ വര്‍ധിപ്പിക്കുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബില്‍ ബ്ലാക്ക് പറഞ്ഞു. ഡിമാന്‍ഡ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ വീടുകളുടെ നിര്‍മാണം ത്വരിത ഗതിയിലാകണം. ഇതിന് മതിയായ തൊഴിലാളികളെയും ആവശ്യമാണ്. തൊഴിലാളികള്‍ കുറയുന്നത് വീട് നിര്‍മാണത്തിന്റെ വേഗത കുറയുകയും കാലതാമസം ഉണ്ടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു. ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍ 3,200 അപ്രന്റിസ്ഷിപ്പ് സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിലേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനും ഈ വര്‍ഷത്തെ ബജറ്റില്‍ ധനസഹായം വര്‍ധിപ്പിക്കുമെന്നും സ്മിത്ത് അറിയിച്ചു. 

അതേസമയം, നിര്‍മാണ തൊഴിലാളികളുടെ ക്ഷമം വരുന്ന ദശകത്തിലും തുടരുമെന്നും എന്നാല്‍ റീട്ടെയ്ല്‍ ട്രേഡ്, എജ്യുക്കേഷന്‍, അക്കമഡേഷന്‍/ഫുഡ് സര്‍വീസസ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് വ്യവസായങ്ങളിലും തൊഴിലാളി ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കാല്‍ഗറി സിറ്റിയുടെ ആദ്യ ലേബര്‍ മാര്‍ക്കറ്റ് ഔട്ട്‌ലുക്കില്‍ പറയുന്നു.