ഓട്ടവയില്‍ നാല് കുട്ടികളുള്‍പ്പെടെ ആറ് പേര്‍ കുത്തേറ്റ് കൊല്ലപ്പെട്ടു; മരിച്ചത് ശ്രീലങ്കന്‍ സ്വദേശികള്‍; പ്രതിയായ 19കാരന്‍ അറസ്റ്റില്‍ 

By: 600002 On: Mar 8, 2024, 9:48 AM

 

 


കാനഡയെ നടുക്കി ഓട്ടവയില്‍ ആറംഗ കുടുംബത്തിന് കുത്തേറ്റ് ദാരുണാന്ത്യം. ഓട്ടവയിലെ പ്രാന്തപ്രദേശമായ ബറാവനില്‍ ബെറിഗന്‍ ഡ്രൈവിലെ വീട്ടിലാണ് കൂട്ടക്കൊലപാതകം നടന്നത്. ശ്രീലങ്കന്‍ സ്വദേശികളായി ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നാല് പേര്‍ കുട്ടികളും അവരുടെ മാതാവുമാണ്. മാരകമായി കത്തിക്കുത്തേറ്റ കുട്ടികളുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശ്രീലങ്കന്‍ സ്വദേശിയായ 19കാരന്‍ ഫെബ്രിയോ ഡി-സോയ്‌സയെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 

ബുധനാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. 911 അടിയന്തര സന്ദേശമെത്തിയതിന് പിന്നാലെ പോലീസ് ഉടനടി സ്ഥലത്തെത്തിയെങ്കിലും ഒരാളുടെ ഒഴികെ ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയായ ഡിസോയ്‌സ കൊല്ലപ്പെട്ട സ്ത്രീക്കും കുടംബത്തിനുപ്പൊമാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. അടുത്തിടെയാണ് കുടുംബം കാനഡയിലെത്തിയത്. 35കാരിയായ യുവതിയും ഇവരുടെ ഏഴ്, നാല്, രണ്ട്, രണ്ടുമാസം എന്നിങ്ങനെ പ്രായമുള്ള മക്കളും ബന്ധുവായ 40കാരനുമാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊലപാതകം നടത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഓട്ടവ പോലീസ് ചീഫ് എറിക് സ്റ്റബ്‌സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കത്തിക്ക് സമാനമായ മൂര്‍ച്ഛയുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പ്രതി കാനഡയില്‍ വിദ്യാര്‍ത്ഥിയാണെന്നാണ് കരുതുന്നത്. ഇയാള്‍ക്കെതിരെ ആറ് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റവും ഒരു കൊലപാതക ശ്രമവും ചുമത്തിയിട്ടുണ്ട്. 

ഭീതിദയമായ ദുരന്തമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. സംഭവത്തില്‍ താന്‍ പരിഭ്രാന്തനാണെന്നും അദ്ദേഹം പറഞ്ഞു.