മര്‍ഖാം ഇമിഗ്രേഷന്‍, വിസ സ്‌കാം: രണ്ട് സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു; മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുന്നു  

By: 600002 On: Mar 7, 2024, 12:28 PM

 

 

മര്‍ഖാമില്‍ ഇറാനിയന്‍-കനേഡിയന്‍ കമ്മ്യൂണിറ്റികളെ ലക്ഷ്യമിട്ട് നടത്തിയ വിസ, ഇമിഗ്രേഷന്‍ തട്ടിപ്പില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ കേസെടുത്തു. 2022 ല്‍ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് രണ്ട് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കമ്പനിയുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തട്ടിപ്പിനിരയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. റിച്ച്മണ്ട് സ്വദേശികളായ ബഹാരെ അത്തര്‍ബാഷി(45), അക്രമോസാദത്ത് നാസറി(66) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അന്വേഷണവുമായി ബന്ധപ്പെട്ട് റിച്ച്മണ്ട് ഹില്‍ സ്വദേശിയായ അലിയാസ്ഗര്‍ അമിയാന്‍(65) എന്ന മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. പണം തട്ടല്‍, തട്ടിപ്പ് നടത്താന്‍ ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

കാനഡയിലേക്ക് വരുന്നതിന് ബന്ധുക്കള്‍ക്ക് വിസ സഹായം നല്‍കാന്‍ പ്രതികള്‍ ഇരകളില്‍ നിന്നും 40,000 ഡോളറിലധികം കൈപ്പറ്റിയെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് വിസ ലഭ്യമാക്കുന്നതിന് യോഗ്യതയില്ലെന്നും സര്‍വീസ് പിന്തുടരാന്‍ സാധിച്ചില്ലെന്നും തട്ടിപ്പിനിരയായവര്‍ പിന്നീട് മനസ്സിലാക്കുകയായിരുന്നു. 

കൂടുതല്‍ പേരില്‍ നിന്നും ഇവര്‍ പണം തട്ടിയെടുത്തിട്ടുണ്ടാകാമെന്ന് പോലീസ് പറയുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ യോര്‍ക്ക് റീജിയണല്‍ പോലീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈംസ് യൂണിറ്റുമായി 1-866-876-5423 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ പോലീസ് നിര്‍ദ്ദേശിച്ചു.