ഓട്ടവയ്ക്ക് 'ഷവര്‍മ ക്യാപിറ്റല്‍ ഓഫ് കാനഡ' പദവി നല്‍കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍   

By: 600002 On: Mar 7, 2024, 12:01 PM

 

 


വ്യത്യസ്തമായൊരു ആഗ്രഹം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണെന്ന് ഓട്ടവയിലെ കൗണ്‍സിലര്‍ ലോറ ഡുദാസ്. കനേഡിയന്‍ തലസ്ഥാനമായ ഓട്ടവയെ 'ഷവര്‍മ ക്യാപിറ്റല്‍ ഓഫ് കാനഡ'  ആയി പ്രഖ്യാപിക്കണമെന്നാണ് ഡുദാസിന്റെ ആവശ്യം. ഷവര്‍മ ഒരു സിവിക് ഇന്‍സ്റ്റിറ്റിയൂഷനാണെന്ന് ഡുദാസ് പറയുന്നു. കാനഡയുടെ ഷവര്‍മ തലസ്ഥാനം എന്ന പദവി ഓട്ടവയ്ക്ക് നല്‍കുന്നത് കൗണ്‍സിലിനോട് ഔദ്യോഗികമായി അംഗീകരിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. ഇതിനായി ഡുദാസ് പറയുന്നത് ഓട്ടവയില്‍ 200 ഓളം ഷവര്‍മ റെസ്‌റ്റോറന്റുകളുണ്ടെന്നാണ്. ഓട്ടവയിലെ ഷവര്‍മ വ്യവസായം കാനഡയിലെ പ്രധാന തൊഴില്‍ദാതാവും സാമ്പത്തിക ചാലകവുമാണെന്ന് ബുധനാഴ്ച അവതരിപ്പിച്ച പ്രമേയത്തില്‍ ഡുദാസ് പറഞ്ഞു. 

ഓട്ടവയെ 'ഷവര്‍മ ഹോട്ട്‌ബെഡ്' എന്ന് വിളിക്കുന്ന മേയര്‍ മാര്‍ക്ക് സട്ട്ക്ലിഫ് പ്രമേയത്തെ പിന്തുണച്ചു. ഓട്ടവയിലെ തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഷവര്‍മയെന്നും, നഗരത്തിന്റെ സവിശേഷതയാണെന്നും കൗണ്‍സില്‍ യോഗത്തിന് ശേഷം സട്ട്ക്ലിഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ ഓട്ടവയെ ഷവര്‍മ ക്യാപിറ്റല്‍ ഓഫ് കാനഡ ആയി പ്രഖ്യാപിക്കാനുള്ള പ്രമേയത്തില്‍ വോട്ടു ചെയ്യും.