പുതിയ ആളുകളെ ആകര്‍ഷിക്കാന്‍ പേ-ടു-മൂവ് പ്രോഗ്രാമുകളുമായി അമേരിക്കന്‍ നഗരങ്ങള്‍; 15,000 ഡോളര്‍ വരെ വാഗ്ദാനം

By: 600002 On: Mar 7, 2024, 10:07 AM

 


പുതിയ താമസക്കാരെ ആകര്‍ഷിക്കുന്നതിനായി അമേരിക്കയിലെ ചില ചെറിയ നഗരങ്ങളും പട്ടണങ്ങളും റീലൊക്കേഷന്‍ പാക്കേജുകള്‍ വാഗ്ദാനം ചെയ്യുകയാണ്. വര്‍ക്കര്‍ റീലൊക്കേഷന്‍ പ്രോഗ്രാമുകള്‍ എന്നും അറിയപ്പെടുന്ന ഇവ രാജ്യത്തുടനീളം ലഭ്യമാണ്. ധനസഹായവും മറ്റ് ആകര്‍ഷകമായ ആനുകൂല്യങ്ങളും ജോലിക്കാര്‍ക്ക് പ്രോഗ്രാമിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കയ്ക്ക് ചുറ്റുമുള്ള ലൊക്കേഷനുകളുമായി വിദൂര തൊഴിലാളികളെ ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമായ MakemMyMove.com  റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്ന നഗരങ്ങളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ ഇരട്ടിയിലധികമായി. 

ഈ പ്രോഗ്രാമുകളില്‍ പേ-ടു-മൂവ് എന്ന ആശയം വ്യത്യസ്തമായിരിക്കും. ജോലിക്കാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് സ്ഥലത്തേക്ക് ആകര്‍ഷിക്കുന്ന പ്രോഗ്രാമുകളാണിത്. ഒക്ലഹോമയിലെ തുല്‍സ, വെസ്റ്റ് വിര്‍ജീനിയ, ഇന്‍ഡ്യാന, കാന്‍സാസിലെ ടൊപേക, കെന്റക്കി, അലബാമ, അലാസ്‌ക, മിഷിഗണ്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തരത്തില്‍ പ്രോഗ്രാമുകള്‍ ആരംഭിച്ചിട്ടുണ്ട്. താമസക്കാര്‍ക്ക് 15,000 യുഎസ് ഡോളര്‍ വരെ വാഗ്ദാനം ചെയ്താണ് സ്ഥലങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. പണം കൂടാതെ വീട്, വാഹനങ്ങള്‍, മികച്ച ജോലി എന്നിവയും പ്രോഗ്രാമിലൂടെ കമ്പനികളും സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.