കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 217 ഓളം കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചുവെന്ന അവകാശവാദവുമായി ജര്‍മ്മനിയില്‍ നിന്നുള്ള 62കാരന്‍ രംഗത്ത്. 29 മാസത്തിനുള്ളില്‍ 217 കോവിഡ് വാക്‌സിനുകളാണ് ഇയാള്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ദേശീയ വാക്‌സിന്‍ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണെന്ന് പറയുന്നു. എങ്കിലും ഇയാളെ പഠനത്തിന് വിധേയമാക്കിയപ്പോള്‍ ഇയാളുടെ രോഗ പ്രതിരോധ ശേഷിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച കേസ് സ്റ്റഡിയില്‍ പറയുന്നു.
ഫ്രെഡറിക്-അലക്‌സാണ്ടര്‍ യൂണിവേഴ്‌സിറ്റിയിലെ എര്‍ലാംഗന്‍-നൂണ്‍ബെര്‍ഗ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇയാളെടുത്ത 134 എണ്ണത്തിനാണ് ഔദ്യോഗിക സ്ഥിരീകരണമുള്ളത്. ഇക്കാര്യം വാര്‍ത്തകളിലൂടെ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെടുകയും ഇയാളെ എര്‍ലാംഗനില്‍ പരീക്ഷണത്തിന് ക്ഷണിക്കുകയുമായിരുന്നു. ഹൈപ്പര്‍ വാക്‌സിനേഷന്‍ രോഗപ്രതിരോധ കോശങ്ങളില്‍ ക്ഷീണം ഉണ്ടാക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഈ ഊഹങ്ങള്‍ക്ക് വിരുദ്ധമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച മനുഷ്യന്റെ രോഗ പ്രതിരോധ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാണെന്ന് പഠനം കണ്ടെത്തി.
വാക്‌സിനേഷന് മുമ്പും ശേഷവും എടുത്ത രക്തസാമ്പിളുകള്‍ പരിശോധിച്ചാണ് രോഗപ്രതിരോധ പ്രതികരണം വിലയിരുത്തിയത്. രോഗ പ്രതിരോധ സംവിധാനം എങ്ങനെ പ്രതിരോധിക്കുന്നുവെന്ന് കൃത്യമായി കണ്ടെത്താന്‍ ഈ സാമ്പിളുകള്‍ ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് ഗവേഷകര്‍ പറഞ്ഞു. കൂടുതല്‍ വാക്‌സിന്‍ എടുത്ത വ്യക്തി മികച്ച രോഗപ്രതിരോധ പ്രതികരണം പ്രകടിപ്പിച്ചു. ഇത് പ്രതിരോധശേഷി തളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കി.