ഏപ്രില്‍ 1 മുതല്‍ കാനഡയില്‍ ചെലവ് കൂടും: കനേഡിയന്‍ ടാക്‌സ്‌പെയേഴ്‌സ് ഫെഡറേഷന്‍

By: 600002 On: Mar 6, 2024, 1:53 PM

 


കാനഡയില്‍ ഗ്രോസറി, ഭക്ഷ്യ, അവശ്യ വസ്തുക്കളുടെയെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വരും ആഴ്ചകളില്‍ രാജ്യത്ത് ചെലവ് വര്‍ധിക്കുമെന്ന സൂചനയാണ് കനേഡിയന്‍ ടാക്‌സ്‌പെയേഴ്‌സ് ഫെഡറേഷന്റെ പുതിയ റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് ചെലവുകള്‍ കുത്തനെ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

ഏപ്രില്‍ 1 മുതല്‍ കാനഡയിലെ ജനങ്ങള്‍ ഒരു ലിറ്റര്‍ ഗ്യാസിനും ഒരു ക്യുബിക് ലിറ്റര്‍ നാച്വറല്‍ ഗ്യാസിനും കൂടുതല്‍ പണം നല്‍കേണ്ടി വരും. ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സ് വര്‍ധന മൂലം രാജ്യത്തുടനീളം ലിറ്ററിന് 14.3 സെന്റില്‍ നിന്നും 17.6 സെന്റായി ഗ്യാസ് വില ഉയരും. എന്നാല്‍ ഏത് പ്രവിശ്യയിലാണ് താമസിക്കുന്നതെന്നതിനെ ആശ്രയിച്ച് ഗ്യാസ് വില അല്‍പ്പം വ്യത്യാസപ്പെട്ടേക്കാമെന്ന് സിടിഎഫ് പറയുന്നു. പുതിയ നികുതി വര്‍ധനവോടെ, ബീസിയിലുള്ളവര്‍ ഒരു ലിറ്റര്‍ ഗ്യാസിന് 17 സെന്റും ഡീസലിന് 21 സെന്റും നാച്വറല്‍ ഗ്യാസിന് 15 സെന്റും നല്‍കേണ്ടി വരും.

ബിയര്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്ക് ആല്‍ക്കഹോള്‍ എസ്‌കലേറ്റര്‍ ടാക്‌സ് വര്‍ധിക്കുന്നതോടെ മദ്യത്തിന് കൂടുതല്‍ പണം നല്‍കേണ്ടി വരും. ഏപ്രില്‍ 1 മുതല്‍ മദ്യത്തിന്മേലുള്ള ഫെഡറല്‍ എക്‌സൈസ് ടാക്‌സില്‍  4.7 ശതമാനം വര്‍ധനവ് ഉണ്ടാകും. അടുത്ത വര്‍ഷം നികുതി ദായകര്‍ക്ക് ഏകദേശം 100 മില്യണ്‍ ഡോളര്‍ ചെലവാകുമന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.